Currency

കോവിഡ് കാലത്ത് വിദേശത്ത് മരിച്ചവരുടെ ശമ്പള കുടിശിഖ; വിദേശകാര്യമന്ത്രാലയത്തിന്റെ പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് കേന്ദ്ര സര്‍ക്കാര്‍

സ്വന്തം ലേഖകന്‍Friday, August 14, 2020 4:03 pm

ന്യൂഡല്‍ഹി: കോവിഡ് കാലത്ത് വിദേശത്ത് മരിച്ചവരുടെ ശമ്പള കുടിശിഖ ലഭിക്കാന്‍ ബന്ധുക്കള്‍ക്ക് ഇ മൈഗ്രേറ്റ്, മഡാഡ് തുടങ്ങിയ വിദേശ കാര്യ മന്ത്രാലയത്തിന്റെ പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ശമ്പള കുടിശ്ശിക ഗള്‍ഫിലെ സ്‌പോണ്‍സര്‍മാരില്‍ നിന്ന് കൈപ്പറ്റാന്‍ നയതന്ത്ര കാര്യാലയങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നഷ്ടപരിഹാരം, സര്‍വീസ് അവസാനിപ്പിക്കുമ്പോള്‍ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍, ഇന്‍ഷൂറന്‍സ് തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള പരാതികളില്‍ നയതന്ത്ര കാര്യാലയങ്ങള്‍ ഇടപെടുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നിയമ സംവിധാനം വേണമെന്നാവശ്യപ്പെട്ട് ന്യൂഡല്‍ഹിയിലെ ലായേഴ്‌സ് ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസികളുടെ പ്രശ്‌ന പരിഹാരത്തിന് നയതന്ത്ര കാര്യാലയങ്ങളില്‍ സംവിധാനമുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍, കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗത്തിന്റെ ഇ മെയില്‍ തുടങ്ങിയവയിലൂടെ പരാതികള്‍ രേഖപ്പെടുത്താം. നിയമസഹായം നല്‍കാന്‍ അഭിഭാഷക പാനലിനെ നിയോഗിച്ചിട്ടുമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x