
റിയാദ്: കോവിഡ് പ്രതിസന്ധിയില്‍ സൗദി അറേബ്യയില്‍ നിന്ന് നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി സൗദി ആഭ്യന്തരമന്ത്രാലയം തുടങ്ങിയ ‘ഔദ’ പദ്ധതിയില്‍ ഇന്ത്യക്കാരെയും ഉള്‍പ്പെടുത്തി. ഈ മാസം 23ന് പദ്ധതി തുടങ്ങുമ്പോള്‍ ഈജിപ്ത്, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ, പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. ആഭ്യന്തരമന്ത്രാലയത്തിന്റെ അബ്ഷീര്‍ പോര്‍ട്ടലില്‍ ഔദ വിഭാഗത്തിലെ ഈ പദ്ധതിയല്‍ ഇന്ത്യ ഉള്‍പ്പെടെ ഏതാനും രാജ്യങ്ങളെ കൂടി പുതുതായി ഉള്‍പ്പെടുത്തി.
ഈ രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ തരം വിസക്കാരും രജിസ്റ്റര്‍ ചെയ്യണമെന്നാണ് ജവാസാത്ത് അറിയിച്ചിരുന്നത്. എക്‌സിറ്റ് / റീ എന്‍ട്രി, ഫൈനല്‍ എക്‌സിറ്റ്, ഫാമിലി വിസിറ്റ് വിസ, ബിസിനസ് വിസിറ്റ് വിസ, ടൂറിസ്റ്റ് വിസ തുടങ്ങിയ വിസകളില്‍ വന്നവര്‍ക്കെല്ലാം ഔദയില്‍ രജിസ്റ്റര്‍ ചെയ്യാം. ഇപ്പോള്‍ ഇതേ സൗകര്യം ഇന്ത്യക്കാര്‍ക്കും ലഭ്യമാണ്.
https://www.absher.sa/portal/landing.html എന്ന പോര്‍ട്ടലില്‍ വ്യക്തികള്‍ക്കുള്ള ലിങ്ക് തുറക്കുമ്പോള്‍ ആദ്യ പേജില്‍ തന്നെ ‘ഔദ’ എന്ന ഐക്കണ്‍ കാണാനാവും. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഓപ്പണാകുന്ന പേജിലെ New Travel Request എന്ന ബോക്‌സില്‍ ക്ലിക്ക് ചെയ്ത് ഇഖാമ നമ്പര്‍, ജനനതീയതി, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കണം. അബ്ഷിറില്‍ അക്കൗണ്ട് ഇല്ലാത്തവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. ഫൈനല്‍ എക്സിറ്റോ റീ എന്‍ട്രിയോ അടിച്ചാല്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാനാവൂ. സന്ദര്‍ശക വിസയിലുള്ളവര്‍ ഇഖാമയ്ക്ക് പകരം എയര്‍പ്പോര്‍ട്ടിലെ എമിഗ്രേഷന്‍ നടപടിക്കിടെ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയ ബോര്‍ഡര്‍ നമ്പര്‍ എന്റര്‍ ചെയ്താണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ റദ്ദാക്കിയിരിക്കുന്ന പശ്ചാത്തലത്തിലാണ് ബദല്‍ മാര്‍ഗം തുറന്നിരിക്കുന്നത്. രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കിയാല്‍ ജവാസത്ത് ഇത് പരിശോധിച്ച് യാത്രക്ക് അനുമതി നല്‍കും. അനുമതി ലഭിച്ചാല്‍ നാട്ടില്‍ പോകേണ്ട തിയതിയും ടിക്കറ്റ് നമ്പറും ബുക്കിങ് വിവരവും മൊബൈലില്‍ അയച്ചുതരും. അതിന് ശേഷം പോകുന്നയാള്‍ വിമാന ടിക്കറ്റിന് പണമടച്ച് യാത്ര ചെയ്യാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.