
റിയാദ്: സൗദിയില്‍ വിദേശി സെയില്‍സ് റെപ്രസെന്റേറ്റീവുകളുടെ ഇഖാമ പുതുക്കില്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് തൊഴില്‍ മന്ത്രാലയം. സെയില്‍സ് റെപ്രസന്റേറ്റീവുകളുടെ ഇഖാമ പുതുക്കില്ലെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തൊഴില്‍ മന്ത്രാലയത്തിന്റെ വിശദീകരണം. നേരത്തെ പ്രഖ്യാപിച്ച 19 തസ്തികകളാണ് സ്വദേശികള്‍ക്ക് സംവരണം ചെയ്തിട്ടുള്ളത്.
ഇതൊഴികെ ഒരു ജോലിയിലും ഇഖാമ പുതുക്കലിന് നിയമപരമായ തടസമില്ലെന്നും തൊഴില്‍ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. കൂടാതെ പുതുതായി പ്രഖ്യാപിച്ച 12 മേഖലയിലെ ജോലികള്‍ സെപ്റ്റംബര്‍ 11 മുതല്‍ സ്വദേശിവത്കരണത്തിന്റെ പരിധിയില്‍ വരികയും ചെയ്യും. സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് തൊഴില്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക വിജ്ഞാപനമുണ്ടാകും. ഇതല്ലാത്ത വ്യാജ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.