Currency

അക്കൗണ്ടിംഗ്, ഐടി, എന്‍ജിനീയറിംഗ് മേഖലകളില്‍ സ്വദേശിവത്കരണം; പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടം

സ്വന്തം ലേഖകന്‍Friday, December 18, 2020 5:47 pm

റിയാദ്: സൗദിയില്‍ അക്കൗണ്ടിംഗ്, ഐടി, എന്‍ജിനീയറിംഗ് എന്നീ മേഖലകളില്‍ സ്വദേശിവത്കരണം അടുത്ത വര്‍ഷം ശക്തമാക്കും. നിശ്ചിത ശതമാനം സ്വദേശിവത്കരണം പ്രഖ്യാപിച്ച് സൗദികളെ നിയമിക്കാനാണ് ശ്രമം. നിലവില്‍ സ്വദേശിവത്കരണത്തിന്റെ ഭാഗമായി പ്രവാസികള്‍ക്കും തൊഴില്‍ നഷ്ടപ്പെടുന്നുണ്ട്.

2021ലെ ബജറ്റില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഏഴ് കാര്യങ്ങളിലൊന്ന് 1.15 ലക്ഷം സൗദികള്‍ക്ക് തൊഴില്‍ കണ്ടെത്തുകയാണ്. 12 ശതമാനത്തോളമാണ് സൗദിയിലെ തൊഴിലില്ലായ്മ നിരക്ക്. ഇത് കുറക്കുകയാണ് ലക്ഷ്യം. സൗദി ജനതയില്‍ ഉന്നത വിദ്യാഭ്യാസം നേടിയവരില്‍ കൂടുതല്‍ പേര്‍ക്കും ആഗ്രഹം അക്കൗണ്ടിംഗ്, ഐടി, എന്‍ജിനീയറിംഗ്, ടൂറിസം മേഖലകളാണ്. അടുത്തിടെ നടന്ന സര്‍വേയില്‍ ഇക്കാര്യം കാണിച്ചിരുന്നു. ഇതു കൂടി പരിഗണിച്ചാണ് സ്വദേശിവത്കരണം. ഇതു പ്രകാരം നിശ്ചിത ശതമാനം സ്വദേശിവത്കരണം ഈ മേഖലയില്‍ പ്രഖ്യാപിക്കും.

ഇവര്‍ക്ക് മതിയായ പരിശീലനം നല്‍കാന്‍ അക്കാദമിയും സ്ഥാപിക്കും. കോവിഡിന് പിന്നാലെ പലയിടത്തും പദ്ധതികള്‍ പുനരാരംഭിച്ചപ്പോള്‍ സ്വദേശികള്‍ക്കാണ് സ്ഥാപനങ്ങള്‍ മുന്‍തൂക്കം നല്‍കുന്നത്. ഇത് പ്രവാസികള്‍ക്കും തൊഴില്‍ നഷ്ടമുണ്ടാക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധി നീങ്ങുന്നതോടെ കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x