Currency

ഹമദ് വിമാനത്താവളം രണ്ടാംഘട്ട വിപുലീകരണം അടുത്തവര്‍ഷം

സ്വന്തം ലേഖകന്‍Sunday, October 13, 2019 12:40 pm

ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ രണ്ടാംഘട്ട വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 2020 ആദ്യ പാദത്തില്‍ തുടക്കമാകും. 2022 ഓടെ പ്രതിവര്‍ഷം 5.3 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള വിമാനത്താവളമായി ഹമദ് മാറും. നിലവിലെ യാത്രക്കാരുടെ എണ്ണത്തില്‍ നിന്ന് 30 ശതമാനം വര്‍ധനയുണ്ടാകും. വിപുലീകരണം പൂര്‍ത്തിയാകുന്നതോടെ യാത്രക്കാര്‍ക്ക് പഞ്ചനക്ഷത്ര യാത്രാനുഭവം നല്‍കാന്‍ കഴിയും.

രണ്ടാം ഘട്ട വിപുലീകരണ പദ്ധതിയുടെ സവിശേഷതകളും ത്രീ ഡി ഡിസൈനുമെല്ലാം ഈ മാസം 22 മുതല്‍ 24 വരെ ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സിറ്റി സ്‌കേപ്പില്‍ പ്രദര്‍ശിപ്പിക്കും. രാജ്യത്തിന്റെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് പ്രദര്‍ശനമാണിത്. യാത്രക്കാരുടെ ഇഷ്ടകേന്ദ്രമായി ഹമദ് രാജ്യാന്തര വിമാനത്താവളം മാറിയതായി വിമാനത്താവള ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ എന്‍ജിനീയര്‍ ബദര്‍ മുഹമ്മദ് അല്‍മീര്‍ പറഞ്ഞു. വിമാനത്താവളത്തിന്റെ പദ്ധതികള്‍ വെളിപ്പെടുത്താനുള്ള മികച്ച വേദിയാണ് സിറ്റി സ്‌കേപ്പ്.

യാത്രക്കാരുടെ ഇഷ്ടകേന്ദ്രമായി ഹമദ് രാജ്യാന്തര വിമാനത്താവളം മാറിയെന്നതിന്റെ തെളിവാണ് രാജ്യാന്തര പുരസ്‌കാരങ്ങള്‍. ഈ വര്‍ഷത്തെ സ്‌കൈട്രാക്സ് ലോക എയര്‍പോര്‍ട്ട് പുരസ്‌കാരത്തില്‍ മധ്യപൂര്‍വ ദേശത്തെ ഏറ്റവും മികച്ച വിമാനത്താവളമായി തുടര്‍ച്ചയായി അഞ്ചാം തവണയും ഹമദിനെ യാത്രക്കാര്‍ തിരഞ്ഞെടുത്തിരുന്നു. മധ്യപൂര്‍വ ദേശത്തെ മികച്ച സ്റ്റാഫ് സര്‍വീസ് നാലാംതവണയും ലഭിച്ചു. ലോകത്തിലെ നാലാമത്തെ ഏറ്റവും മികച്ച വിമാനത്താവളവും ഹമദാണ്. 2020 സ്‌കൈട്രാക്സ് പുരസ്‌കാരത്തിന്റെ ലോകത്തിലെ മികച്ച വിമാനത്താവളങ്ങളുടെ തിരഞ്ഞെടുപ്പില്‍ ഹമദ് രാജ്യാന്തര വിമാനത്താവളവും മത്സരിക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x