
മസ്കറ്റ്: ഒമാനില്‍ സെലക്ടീവ് നികുതി സംവിധാനം നടപ്പിലാക്കാനുള്ള നിയമത്തിന്റെ കരടിന് മജ്ലിസ് ശൂറയുടെയും സ്റ്റേറ്റ് കൗണ്‍സിലിന്റെയും അംഗീകാരം. ഇതോടെ മദ്യം, പുകയില ഉല്‍പ്പന്നങ്ങളുടെ നികുതിയില്‍ നൂറ് ശതമാനം വര്‍ദ്ധനവ് ഉണ്ടാകും.
സെലക്ടീവ് ടാക്സ് അഥവാ ‘പ്രത്യേക നികുതി’ അനുസരിച്ചുള്ള നിരക്ക് 50 ശതമാനം മുതല്‍ 100 ശതമാനം വരെയായിരിക്കും ചുമത്തുക. മദ്യം, പുകയില, ഊര്‍ജ്ജ പാനീയങ്ങള്‍, പന്നിയിറച്ചി ഉല്‍പ്പന്നങ്ങള്‍, ശീതള പാനീയങ്ങള്‍, ആഡംബര വസ്തുക്കള്‍ എന്നിവയ്ക്കാണ് സെലക്ടീവ് ടാക്സ് ബാധകമാവുക. ആഡംബര വാഹനങ്ങളുടെ കാര്യത്തില്‍ വിലയോ എഞ്ചിനുകളുടെ നിലവാരമോ അടിസ്ഥാനമാക്കിയായിരിക്കും നികുതി ചുമത്തുക. ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കും അടിസ്ഥാന ആവശ്യങ്ങള്‍ ഇല്ലാത്ത ആഹാര പദാര്‍ഥങ്ങള്‍ക്കും സെലക്ടീവ് ടാക്സിലൂടെ നിയന്ത്രണം നടപ്പിലാക്കും. ഫാസ്റ്റ് ഫുഡ് വിഭവങ്ങള്‍ക്കും നികുതി വര്‍ധിപ്പിക്കാന്‍ ഒമാന്‍ ആരോഗ്യമന്ത്രാലയം പദ്ധതിയിടുന്നുണ്ട്.
നികുതി ചുമത്തേണ്ട ഇനങ്ങളുടെയും വസ്തുക്കളുടെയും മാനദണ്ഡങ്ങള്‍ സ്റ്റേറ്റ് കൗണ്‍സില്‍ ഉടന്‍ പ്രസിദ്ധീകരിക്കും. 2015ല്‍ റിയാദില്‍ നടന്ന ജി സി സി സുപ്രീം കൗണ്‍സിലിന്റെ 36-ാം ഉച്ചകോടിയിലാണ് സെലക്ടീവ് ടാക്സ് എന്ന സമ്പ്രദായം നിലവില്‍ വരുന്നത്. ഇതനുസരിച്ച് സൗദി അറേബ്യ കഴിഞ്ഞ വര്‍ഷം ജൂണിലും യുഎഇ ഒക്ടോബറിലും ബഹ്റൈന്‍ ഡിസംബര്‍ മുതലും പ്രത്യേക നികുതി നടപ്പാക്കിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.