Currency

ഒമാനില്‍ ഷെയര്‍ ടാക്‌സി നിരക്ക് പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍Thursday, December 27, 2018 3:03 pm

മസ്‌കത്ത്: ഒമാനില്‍ ഷെയര്‍ ടാക്‌സികളിലെ യാത്ര നിരക്ക് ഗതാഗത-വാര്‍ത്തവിതരണ മന്ത്രാലയം പ്രഖ്യാപിച്ചു. ഓട്ടം തുടങ്ങുമ്പോള്‍ 300 ബൈസയാണ് മീറ്ററില്‍ കാണിക്കുക. പിന്നീടുള്ള ഓരോ കിലോമീറ്ററുകള്‍ക്കും 130 ബൈസ വീതം കൂടും. കുറഞ്ഞ നിരക്ക് ഒരു റിയാലായിരിക്കും. മിനിറ്റിന് 50 ബൈസയാണ് വെയ്റ്റിങ് ചാര്‍ജ്. ടാക്‌സിയില്‍ ഒന്നിലധികം യാത്രക്കാരുണ്ടെങ്കില്‍ അവര്‍ക്കിടയില്‍ മീറ്റര്‍ ചാര്‍ജ് വീതിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

ഓറഞ്ച് ടാക്‌സികളില്‍ ഇലക്‌ട്രോണിക് മീറ്ററുകള്‍ നിര്‍ബന്ധമാകുന്ന 2019 ജൂണ്‍ മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിലാവുക. മീറ്റര്‍ ഓണാക്കിയില്ലെങ്കില്‍ യാത്ര സൗജന്യമായി കണക്കാക്കുമെന്നും ഉപഭോക്താക്കള്‍ പണം നല്‍കേണ്ടതില്ലെന്നും മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി. ഒമാനില്‍ സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്നത് ഓറഞ്ച് നിറത്തിലുള്ള ഷെയര്‍ ടാക്‌സികളെയാണ്. ഇവയില്‍ കുറഞ്ഞനിരക്കില്‍ യാത്രചെയ്യാന്‍ കഴിയുന്നത് സാധാരണക്കാര്‍ക്ക് അനുഗ്രഹമായിരുന്നു.

മീറ്റര്‍ ടാക്‌സി നിലവില്‍ വരുന്നതോടെ നിരക്കുകള്‍ വര്‍ധിക്കും. 44 കിലോമീറ്റര്‍ ദൂരമുള്ള റൂവി-റുസൈല്‍ റൗണ്ടെബൗട്ട് റൂട്ടില്‍ നിലവില്‍ 800 ബൈസ മുതല്‍ ഒരു റിയാല്‍ വരെയാണ് ടാക്‌സി ഉടമകള്‍ ഒരാളില്‍നിന്ന് ഈടാക്കുന്നത്. മീറ്റര്‍ നിലവില്‍ വരുേമ്പാള്‍ മൊത്തം 5.900 റിയാലായിരിക്കും ഈ റൂട്ടിലെ ചാര്‍ജ്. ഇത് നാല് യാത്രക്കാരിലായി വിഭജിക്കുമ്പോള്‍ ഒരാള്‍ ഒന്നര റിയാല്‍ നല്‍കേണ്ടി വരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x