
ദോഹ: തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഉണ്ടായിട്ടും ഏതാനും വര്‍ക്ക്‌ഷോപ്പുകള്‍ വാഹന ഉടമകളെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടാന്‍ ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വ്യവസായ മേഖലയിലെ ഒട്ടുമിക്ക ഗാരേജുകളും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. എന്നാല്‍, ഏതാനും ചില ഗാരേജുകാര്‍ ഉപഭോക്താക്കളില്‍നിന്ന് പണം തട്ടാന്‍ ശ്രമിക്കുന്നതായി വ്യവസായ മേഖലയിലെ ഗാരേജ് ഉടമകളിലൊരാള്‍ വ്യക്തമാക്കി. തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിനെക്കുറിച്ച് അജ്ഞരായ വാഹന ഉടമകളാണ് ഇവരുടെ കെണിയില്‍ വീഴുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പലതരത്തിലാണ് ഉപഭോക്താക്കളില്‍നിന്ന് പണം തട്ടാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അപകടത്തില്‍പ്പെടുന്ന വാഹനവുമായി ഉടമ സമീപിക്കുമ്പോള്‍ വാഹനം പരിശോധനയ്ക്കായി വാങ്ങും. പിന്നീട് ഉടമയുടെ ഫോണ്‍ നമ്പര്‍ വാങ്ങുകയും വാഹനം വിശദമായി പരിശോധിച്ചശേഷം എന്തൊക്കെ തകരാറുണ്ടെന്നും എത്ര ചെലവാകും എന്നതിനെക്കുറിച്ചും അറിയിക്കാമെന്നുപറഞ്ഞ് വാഹന ഉടമകളെ തിരികെയയക്കും. വര്‍ക്ക്‌ഷോപ്പുകാര്‍ പറയുന്ന സമയത്ത് ഉടമ തിരികെ വിളിക്കുമ്പോള്‍ തകരാറിലായ ഭാഗത്തിന് ഇന്‍ഷുറന്‍സ് ഇല്ലെന്നും ചില യന്ത്രഭാഗങ്ങള്‍ നിര്‍ബന്ധമായും മാറ്റണമെന്ന മറുപടിയാണ് നല്‍കുന്നത്. യന്ത്രഭാഗങ്ങളുടെ വിലയുടെ അമ്പത് ശതമാനം ആദ്യം നല്‍കണമെന്നും ആവശ്യപ്പെടുകയാണ് പതിവെന്നും ഗാരേജ് ഉടമ വിശദീകരിച്ചു.
മറ്റ് ചില വര്‍ക്ഷോപ്പുകാര്‍ ഉപയോഗിച്ച യന്ത്രഭാഗങ്ങളാണ് പുതിയതെന്ന് ധരിപ്പിച്ച് വാഹനങ്ങളില്‍ സ്ഥാപിക്കുന്നത്. ഇതറിയാതെ ഉടമ പുതിയതിന്റെ വില നല്‍കുകയും ചെയ്യും. തകരാറിലായ ഭാഗം നന്നാക്കുക മാത്രം ചെയ്തശേഷം യന്ത്രഭാഗം മാറ്റിവെച്ചെന്ന് ധരിപ്പിച്ച് പണം തട്ടുന്നവരുമുണ്ടെന്ന് ഗാരേജ് ഉടമ വ്യക്തമാക്കി. വ്യാജ ബില്ലുകളാണ് ഇവര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതും.
തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസിയെക്കുറിച്ചുവാഹന ഉടമകള്‍ അറിഞ്ഞിരിക്കണം: തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സുള്ള വാഹനം അപകടത്തില്‍പ്പെട്ടാല്‍ തകരാറിലായ ഭാഗം മാറ്റുന്നതിനായി ഉപഭോക്താവില്‍നിന്ന് ഏതെങ്കിലും തരത്തില്‍ തുക ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് ഖത്തര്‍ ഇന്‍ഷുറന്‍സ് കമ്പനി വക്താവ് വിശദീകരിച്ചു. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നാണ് വാഹനം നന്നാക്കാനുള്ള പണം ഗാരേജ് ഈടാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സുള്ള വാഹനം അപകടത്തില്‍പ്പെട്ടാല്‍ തകരാറിലായ യന്ത്രഭാഗം നന്നാക്കുന്നതിന്റെ തുക നല്‍കാന്‍ അതത് ഇന്‍ഷുറന്‍സ് കമ്പനികള്‍ ബാധ്യസ്ഥരാണ്. ഡ്രൈവര്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടായാല്‍ ഇന്‍ഷുറന്‍സ് ലഭിക്കില്ല. ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ ഓഫ് റോഡ് ഡ്രൈവിങിന് ഇന്‍ഷുറന്‍സ് നല്‍കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.