Currency

നേട്ടങ്ങള്‍ സ്വന്തമാക്കി സിദ്‌റ മെഡിസിന്‍; ഔദ്യോഗിക ഉദ്ഘാടനം നവംബര്‍ 12ന്

സ്വന്തം ലേഖകന്‍Saturday, November 10, 2018 1:07 pm

ദോഹ: കുട്ടികള്‍ക്കും യുവാക്കള്‍ക്കും വനിതകള്‍ക്കും മികച്ച ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സിദ്‌റ മെഡിസിന്റെ ഔദ്യോഗിക ഉദ്ഘാടനം നവംബര്‍ 12ന് നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 2018 ജനുവരി 14ന് ആരംഭിച്ച സിദ്‌റ മെഡിസിന്‍ ഇതിനകം തന്നെ നിരവധി നേട്ടങ്ങളാണ് കരസ്ഥമാക്കിയിട്ടുള്ളത്. ഇതുവരെയായി 120000 പേര്‍ ചികിത്സ തേടിയെത്തിയതായി ഖത്തര്‍ ഫൗണ്ടേഷന്‍ അംഗമായ സിദ്‌റ മെഡിസിന്‍ വ്യക്തമാക്കി. ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ശൈഖ മൗസ ബിന്‍ത് നാസറിന്റെ നിര്‍ദേശപ്രകാരം ഖത്തറിലും മിന മേഖലയിലും മുമ്പെങ്ങുമില്ലാത്ത അത്യാധുനിക സാങ്കേതികവിദ്യകള്‍ മുഖേന കുട്ടികള്‍ക്കും വനിതകള്‍ക്കും ലോകോത്തര ചികിത്സ ലഭ്യമാക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സിദ്‌റ പ്രവര്‍ത്തിക്കുന്നത്. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും മികച്ച ചികിത്സ ലഭ്യമാകുന്ന മിന (മിഡിലീസ്റ്റ് നോര്‍ത്താഫ്രിക്ക) മേഖലയിലെ മികച്ച ആശുപത്രിയാണ് സിദ്‌റ.

നിലവില്‍ 50 ഔട്ട് പേഷ്യന്റ് വിഭാഗങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഒരു വര്‍ഷത്തിനിടയില്‍ തന്നെ 2700ലധികം ശസ്ത്രക്രിയകളാണ് വിജയകരമായി സിദ്‌റയില്‍ പൂര്‍ത്തിയാക്കിയതെന്നും റോബോട്ടിക്‌സിന്റെ സഹായത്തോടെയാണിതെന്നും സിദ്‌റ മെഡിസിന്‍ സിഇഒ പീറ്റര്‍ മോറിസ് പറഞ്ഞു. മാസം തോറും ശരാശരി 600ഓളം ഇന്‍പേഷ്യന്റുകളാണ് സിദ്‌റയിലെത്തുന്നതെന്നും കൂടാതെ 3000 പീഡിയാട്രിക് എമര്‍ജന്‍സി കേസുകളും 250 ശസ്ത്രക്രിയകളും 200 പ്രസവങ്ങളും സിദ്‌റയില്‍ നടക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. സയാമീസ് ഇരട്ടകളെ വേര്‍പെടുത്തിയതടക്കം നിരവധി നേട്ടങ്ങളാണ് ഒരു വര്‍ഷത്തിനിടെ സിദ്‌റ കരസ്ഥമാക്കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x