
സിംഗപ്പൂര്‍: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന ബഹുമതിക്ക് ഇത്തവണ സിംഗപ്പൂരിന്റെ പാസ്പോര്‍ട്ട് അര്‍ഹമായി. ആദ്യമായാണ് ഒരു ഏഷ്യന്‍ രാജ്യം ഈ ബഹുമതി നേടുന്നത്. ഇന്ത്യക്ക് 75 ആം സ്ഥാനമാണുള്ളത്. ആര്‍ട്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ അഡൈ്വസറി പുറത്തുവിട്ട ഗ്ലോബല്‍ പാസ്പോര്‍ട്ട് പവര്‍ റാങ്ക് 2017 ലാണ് സിംഗപ്പൂര്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. ജര്‍മ്മനി രണ്ടാം സ്ഥാനത്തും, സ്വീഡന്‍ മൂന്നാമതും ദക്ഷിണകൊറിയ നാലാം സ്ഥാനത്തുമാണ്. പ്രമുഖ സാമ്പത്തിക ഉപദേശക സ്ഥാപനമായ ആര്‍ട്ടന്‍ ക്യാപിറ്റലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
പട്ടികയില്‍ എഴുപത്തിയഞ്ചാം സ്ഥാനമാണ് ഇന്ത്യയ്ക്ക് ഉള്ളത്. കഴിഞ്ഞ വര്‍ഷം എഴുപത്തിയെട്ടാം സ്ഥാനമായിരുന്നു ഇന്ത്യയുടേത്. 51 ആണ് ഇന്ത്യയുടെ വിസാഫ്രീ സ്‌കോര്‍. യൂറോപ്പ്യന്‍ രാജ്യങ്ങളുടെ പാസ്പോര്‍ട്ടായിരുന്നു സ്ഥിരമായി ആദ്യ പത്തുസ്ഥാനങ്ങള്‍ നേടുന്നത്. ഇതില്‍ തന്നെ ജര്‍മനി ആയിരുന്നു കുറെ കാലങ്ങളായി ഒന്നാം സ്ഥാനത്ത് എത്തിയിരുന്നത്. എന്നാല്‍ 2017 ന്റെ ആദ്യ മാസങ്ങളില്‍ ജര്‍മനിയും സിംഗപ്പൂരും ഈ സ്ഥാനം പങ്കിട്ടെടുത്തു. പക്ഷെ റാങ്ക് പ്രഖ്യാപനം നടത്തിയപ്പോഴേക്കും സിംഗപ്പൂര്‍ ഒന്നാം സ്ഥാനം നേടുകയായിരുന്നു. 159 പോയിന്റാണ് സിംഗപ്പൂര്‍ സ്വന്തമാക്കിയത്.
അടുത്തിടെ സിംഗപ്പൂര്‍ സ്വദേശികള്‍ക്ക് വിസ ആവശ്യമില്ലെന്ന്, പരാഗ്വെ വ്യക്തമാക്കിയിരുന്നു. അഫ്ഗാനിസ്താനാണ് റാങ്കിംഗില്‍ അവസാന സ്ഥാനം നേടിയത്. 22 പോയിന്റ് നേടി 94 ആം സ്ഥാനമായിരുന്നു ഇവര്‍ക്ക് ലഭിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.