
ന്യൂഡല്‍ഹി: സ്‌കൂള്‍, കോളജ്, സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്കു സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കി. കൂടാതെ കേന്ദ്രസര്‍ക്കാരിന്റെ അഞ്ചു മന്ത്രാലയങ്ങളില്‍ നിന്ന് വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ വേണമെന്ന ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. നേരത്തെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണം ലഭിക്കാന്‍ ജൂണ്‍ 30നു ശേഷം ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതിനു പിന്നാലെയാണ് സ്‌കോളര്‍ഷിപ്പുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയത്.
നേരത്തെ പൊതുവിതരണ സംവിധാനം, ദേശീയ തൊഴിലുറപ്പു പദ്ധതി, ദേശീയ സാമൂഹിക സഹായ പദ്ധതി, ജന്‍ ധന്‍ യോജന, പാചകവാതക സബ്‌സിഡി തുടങ്ങിയവയ്ക്കു മാത്രമേ ആധാര്‍ നിര്‍ബന്ധമാക്കാന്‍ പാടുള്ളൂ എന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ 2016ല്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ ആധാര്‍ (ടാര്‍ഗറ്റഡ് ഡെലിവറി ഓഫ് ഫിനാന്‍ഷ്യല്‍ ആന്‍ഡ് അദര്‍ സബ്‌സിഡീസ്, ബെനിഫിറ്റ്‌സ് ആന്‍ഡ് സര്‍വീസസ്) നിയമം പാസാക്കി.
കേന്ദ്ര മാനവശേഷി, ആരോഗ്യകുടുംബക്ഷേമ, തൊഴില്‍വനിതാശിശുക്ഷേമ, സാമൂഹികനീതി, ശാക്തീകരണ മന്ത്രാലയങ്ങള്‍ അവരുടെ കീഴിലുള്ള വിവിധ പദ്ധതികള്‍ തുടങ്ങിയവയ്ക്ക് പുതിയ നിയമം പാസാക്കിയതോടെയാണ് ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. അതേസമയം റെയില്‍വേ റിക്രൂട്‌മെന്റ് ബോര്‍ഡ് അവരുടെ എല്ലാ ഒഴിവുകള്‍ക്കും അപേക്ഷ നല്‍കുമ്പോള്‍ ആധാര്‍ വേണമെന്നു നിബന്ധന കൊണ്ടുവന്നിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.