Currency

സമ്മര്‍ എന്റര്‍ടെയ്ന്‍മെന്റ് സിറ്റിയില്‍ ആഘോഷങ്ങള്‍ക്ക് തുടക്കം

സ്വന്തം ലേഖകന്‍Wednesday, June 5, 2019 7:21 pm

ദോഹ: വിനോദ-ഷോപ്പിങ് മേളയായ സമ്മര്‍ ഇന്‍ ഖത്തറിന്റെ പ്രധാന ആകര്‍ഷണ കേന്ദ്രമായ ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററിലെ വിനോദ നഗരി സന്ദര്‍ശകര്‍ക്കായി തുറന്നു. ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സിലിന്റെയും ക്യുസ്പോര്‍ട്സിന്റെയും പങ്കാളിത്തത്തിലാണ് വിനോദപരിപാടികള്‍. ജൂലൈ 13 വരെയാണ് ആഘോഷങ്ങള്‍. 15 റിയാലാണ് പ്രവേശന നിരക്ക്. അഞ്ച് റിയാല്‍ മുതല്‍ക്കാണ് ഗെയിമുകളില്‍ പങ്കെടുക്കാനുള്ള നിരക്ക്.

അമ്യൂസ്മെന്റ് സവാരികള്‍, സ്‌കില്‍സ് ഗെയിം, ബെസ്പോക് ട്രാംപോളിന്‍ പാര്‍ക്ക്, കുട്ടികള്‍ക്കായുള്ള ഡ്രൈവിങ് സ്‌കൂള്‍, ആയിരം ചതുരശ്രമീറ്ററിന്റെ ഓഷന്‍ ബോള്‍ സോഫ്റ്റ് പ്ലേ ഏരിയ, രാജ്യത്തെ പ്രഥമ ഇന്‍ഫ്ളേറ്റ പാര്‍ക്ക്, ലോകത്തിലെ ഏറ്റവും വലിയ ബൗണ്‍സ് കാസില്‍, 1,200 ചതുരശ്രമീറ്ററിന്റെ സ്‌കേറ്റ് പാര്‍ക്ക്, ഐസ് സ്‌കേറ്റിങ്, സ്പൈഡര്‍ ക്ലൈമ്പിങ് ടവര്‍ തുടങ്ങി കുട്ടികളെ ത്രസിപ്പിക്കുന്ന ഗെയിമുകളും വിനോദ പരിപാടികളുമാണ് വിനോദനഗരിയിലുള്ളത്. കൂടാതെ 45 ഓളം ഭക്ഷ്യ വില്‍പന ശാലകളും 100 റീട്ടെയ്ല്‍ കടകളുമുണ്ട്. തല്‍സമയ കലാ പരിപാടികളും സന്ദര്‍ശകര്‍ക്കായുണ്ട്.

ജോര്‍ജിയ, ബംഗ്ലാദേശ്, ഇന്തൊനീഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ എംബസികളുടെ പങ്കാളിത്തവും വിനോദപരിപാടികളിലുണ്ട്. ആംഗ്രി ബേഡ് പാര്‍ക്ക്, ഇ-ബ്ളൂ ഗെയിമിങ്, മിനിപോളിസ്, കിഡ്സ് മോണ്ടോ എന്നിവയും കുട്ടികള്‍ക്ക് ആവേശമായി കഴിഞ്ഞു.

ഭാഗ്യശാലികളായ സന്ദര്‍ശകര്‍ക്ക് പുത്തന്‍ കിയ ടെല്ലൂറൈഡ് കാര്‍ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ഇതാദ്യമായാണ് സന്ദര്‍ശകര്‍ക്കായി റാഫിള്‍ നറുക്കെടുപ്പ് നടത്തുന്നത്. ഗോള്‍ഡ്(165 റിയാല്‍), ഗെയിമിങ് (165 റിയാല്‍), സീസണ്‍ (999 റിയാല്‍), സീസണ്‍ ഗെയിമിങ് (1,250 റിയാല്‍) പാസുകള്‍ വാങ്ങുന്നവര്‍ക്കാണ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ അവസരം. സമാപന ദിവസമായ ജൂലൈ 13നാണ് നറുക്കെടുപ്പ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x