
മസ്കത്ത്: രാജ്യത്തെ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും പുതുതായി അക്കൗണ്ട് തുടങ്ങുന്നവര്‍ ഇനി തങ്ങളുടെ നികുതി റെസിഡന്‍സി സ്റ്റാറ്റസ് സാക്ഷ്യപ്പെടുത്തി നല്‍കണം. ഓര്ഗനൈസേഷന് ഫോര്‍ ഇക്കണോമിക് കോഓപറേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് (ഒ.ഇ.സി.ഡി) വികസിപ്പിച്ചെടുത്ത ആഗോള മാനദണ്ഡമായ കോമണ്‍ റിപ്പോര്‍ട്ടിങ് സ്റ്റാന്ഡേഡുമായി (സി.ആര്.എസ്) ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഒമാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ ഭാഗമാണ് പുതിയ നിയമം.
വിദേശത്ത് പണം നിക്ഷേപിച്ചുള്ള നികുതി വെട്ടിപ്പ് തടയുകയെന്ന ലക്ഷ്യത്തോടെ ധനകാര്യ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനായി രൂപം കൊടുത്ത സംവിധാനമാണ് സി.ആര്.എസ്. ഉപഭോക്താക്കളുടെ നേരിട്ടുള്ളതും അല്ലാത്തതുമായ അക്കൗണ്ട് വിവരങ്ങള്‍ അവര്‍ക്ക് നികുതി ബാധകമായ രാജ്യത്തെ ബന്ധപ്പെട്ട അധികൃതര്‍ക്ക് ധാരണപ്രകാരം കൈമാറുകയാണ് ഇതിന്റെ ലക്ഷ്യം.
ലോകത്തിലെ നൂറിലധികം രാജ്യങ്ങളും ധനകാര്യ സെന്ററുകളും നിലവില്‍ ഈ സംവിധാനവുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ബാങ്കുകളും സേവിങ്സ്/ലോണ്‍ ഇന്സ്റ്റിറ്റിയൂഷനുകളുമടക്കം ഡെപ്പോസിറ്ററി ഇന്‍സ്റ്റിറ്റിയൂഷനുകള്‍, കസ്റ്റോഡിയന്‍ ബാങ്കുകളും ബ്രോക്കര്‍മാരുമടങ്ങുന്ന കസ്റ്റോഡിയല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ്, ഇന്‍വെസ്റ്റ്മെന്റ് സ്ഥാപനങ്ങള്‍, സ്പെസിഫൈഡ് ഇന്‍ഷുറന്‍സ് കമ്പനികള്‍ തുടങ്ങിയവക്കാണ് പുതിയ നിയമം ബാധകം.
ഇത്തരം സ്ഥാപനങ്ങളിലെ പുതിയ ഉപഭോക്താക്കള്‍ പ്രത്യേകം തയാറാക്കിയ സെല്‍ഫ് സര്ട്ടിഫിക്കേഷന് ഫോറം പൂരിപ്പിച്ച് ഒപ്പിട്ട് നല്‍കുകയാണ് വേണ്ടത്. നിലവിലുള്ള അക്കൗണ്ട് ഉടമകളുടെ ഇത് സംബന്ധിച്ച നടപടി ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തീകരിച്ചാല്‍ മതി. സ്വദേശികള്‍ അല്ലാത്തവരുടെ അക്കൗണ്ട് വിവരങ്ങള്‍ ഒമാനുമായി ഇത് സംബന്ധിച്ച് ധാരണയിലെത്തിയ രാജ്യങ്ങള്‍ക്കാകും കൈമാറുകയെന്നും ടാക്സേഷന്‍ സെക്രട്ടേറിയറ്റ് ജനറല്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.