
ദോഹ: ദോഹ രാജ്യാന്തര പുസ്തകോത്സവത്തിന് കൊടിയിറങ്ങി. മൂന്ന് ലക്ഷത്തിലേറെ പുസ്തക പ്രേമികളാണ് പുസ്തകമേളയുടെ മുപ്പതാമത് എഡിഷന് മേള സന്ദര്‍ശിക്കാനെത്തിയത്. വിവിധ ഭാഷകളിലായി സംഘടിപ്പിച്ച സാംസ്കാരിക സാഹിത്യ സദസ്സുകളും സെമിനാറുകളും മേളയില്‍ ശ്രദ്ധേയമായി. പത്ത് ദിവസം നീണ്ടുനിന്ന പുസ്തകമേളയില്‍ മൊത്തം രണ്ട് ലക്ഷത്തി പതിനായിരം പുസ്തകങ്ങളും വിറ്റുപോയി.
മുപ്പത്തിയോരായിരം പേരാണ് ഓരോ ദിവസവും മേള സന്ദര്‍ശിച്ചതെന്ന് സാംസ്കാരിക കായികമന്ത്രാലയത്തിലെ കലാസാംസ്കാരിക വിഭാഗം ഡയറക്ടര്‍ ഹമദ് മുഹമ്മദ് അല്‍ സക്കീബ പറഞ്ഞു. വിവിധ ഭാഷകളിലും പ്രമേയങ്ങളിലുമായി 453 സാംസ്കാരിക സദസ്സുകളും സെമിനാറുകളുമാണ് മേളയുടെ ഭാഗമായി പുസ്തകോത്സവ വേദിയില്‍ നടന്നത്. മലയാളത്തില്‍ നിന്നാദ്യമായി രണ്ട് പുസ്തകങ്ങള്‍ ഖത്തര്‍ സാംസ്കാരിക മന്ത്രാലയം തന്നെ നേരിട്ട് അറബിയിലേക്ക് വിവര്‍ത്തനം ചെയ്ത് പുറത്തിറക്കിയത് മേളയില്‍ ഇന്ത്യയ്ക്ക് ലഭിച്ച വലിയ അംഗീകാരമായി.
ബി.എം സുഹ്റയുടെ ‘ഇരുട്ട്’ എന്ന നോവലിന്റെയും വീരാന്‍ കുട്ടിയുടെ തെരഞ്ഞെടുത്ത കവിതാസമാഹാരത്തിന്റെയും അറബി പതിപ്പുകളാണ് മേളയില്‍ വെച്ച് പ്രകാശനം ചെയ്തത്. കുട്ടികള്‍ക്കായി ഒരുക്കിയ സ്റ്റാളുകളും പവലിയനുകളും സന്ദര്‍ശിക്കനായി 685 സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് മേളയിലെത്തിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.