മസ്കത്ത്: ഒമാനില്‍ കൊവിഡ് പ്രതിസന്ധി കാരണം താത്ക്കാലികമായി നിര്‍ത്തിവച്ചിരുന്ന ടൂറിസ്റ്റ് വിസകള്‍ പുനരാരംഭിക്കാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ആദ്യ ഘട്ടത്തില്‍ ഹോട്ടലുകള്‍ക്കും ടൂറിസം കമ്പനികള്‍ക്കും മാത്രമായിരിക്കും ടൂറിസ്റ്റ് വിസകള്‍ അനുവദിക്കുക. നവംബര്‍ ആദ്യത്തില്‍ എക്സ്പ്രസ്, ഫാമിലി വിസിറ്റിങ് വിസകളും കഴിഞ്ഞ ദിവസം തൊഴില്‍ വിസയും അനുവദിക്കുന്നത് പുനരാരംഭിച്ചിരുന്നു. കോവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കുറഞ്ഞ എണ്ണം ജീവനക്കാര്‍ മാത്രം ഹാജരായാല്‍ മതിയെന്ന നേരത്തേയുള്ള ഉത്തരവും സുപ്രീം കമ്മിറ്റി പിന്‍വലിച്ചു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് മുതലാണ് ഒമാന്‍ ടൂറിസ്റ്റ് വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തിവെച്ചത്. ഡിസംബര്‍ ആറ് മുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ മുഴുവന്‍ ജീവനക്കാരും ഹാജരാകണമെന്ന് സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചു. മുന്‍കരുതല്‍ നടപടികള്‍ ഉറപ്പാക്കി കൂടുതല്‍ വ്യവസായ, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കാനും തീരുമാനിച്ചു.
കോവിഡ് രോഗവ്യാപനത്തില്‍ കാര്യമായ കുറവ് ദൃശ്യമാണ്. ആശുപത്രികളിലും തീവ്രപരിചരണ വിഭാഗങ്ങളിലും പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞതായും സുപ്രീം കമ്മിറ്റി വിലയിരുത്തി. രോഗ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ പുലര്‍ത്തുന്ന പ്രതിബദ്ധതയെ സുപ്രീം കമ്മിറ്റി അനുമോദിക്കുകയും ചെയ്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.