
ദോഹ: അല്‍ കോര്‍ണിഷ് സ്ട്രീറ്റില്‍ നാളെ മുതല്‍ ഭാഗികമായി ഗതാഗത നിയന്ത്രണം. അടിപ്പാതകളുടെ നിര്‍മാണത്തെ തുടര്‍ന്ന് 6 മാസത്തേക്കാണ് ഗതാഗതം വഴിതിരിച്ചുവിടുന്നത്. അല്‍ ഷെറാട്ടന്‍ ഇന്റര്‍സെക്ഷനും നാഷനല്‍ തിയറ്റര്‍ ഇന്റര്‍സെക്ഷനും ഇടയ്ക്കുള്ള പാതയിലാണ് നിയന്ത്രണം. ദോഹയില്‍ നിന്ന് അല്‍ കോര്‍ണിഷ് സ്ട്രീറ്റ് വഴി അല്‍ ദഫ്നയിലേക്കും ദഫ്നയില്‍ നിന്ന് ദോഹയിലേക്കുമുള്ള വാഹനങ്ങള്‍ നാഷനല്‍ ലൈബ്രറിക്കും ഷെറാട്ടന്‍ ഇന്റര്‍സെക്ഷനും ഇടയില്‍ സമാന്തര പാതകളിലൂടെ പോകണം.
അല്‍ കോര്‍ണിഷ്, മുഹമ്മദ് ബിന്‍ താനി സ്ട്രീറ്റുകളിലെ ഏതാനും പാതകളില്‍ ഇന്നു മുതല്‍ അടുത്തമാസം 7 വരെ ഭാഗികമായി റോഡ് അടയ്ക്കും.അല്‍ കോര്‍ണിഷ് സ്ട്രീറ്റില്‍ നിന്നു മുഹമ്മദ് ബിന്‍ താനി സ്ട്രീറ്റിലേക്കുള്ള ഖത്തര്‍ നാഷനല്‍ തിയറ്റര്‍ ഇന്റര്‍സെക്ഷനിലെ ഇടത്തേക്ക് തിരിയുന്ന പാതയുടെ 150 മീറ്റര്‍ അടയ്ക്കും. മുഹമ്മദ് ബിന്‍ താനി സ്ട്രീറ്റില്‍ നിന്ന് അല്‍ ബിദ സ്ട്രീറ്റിലേക്കുള്ള വാദി അല്‍ സെയ്ല് ഇന്റര്‍സെക്ഷനിലെ ഇടത്തേക്കുള്ള പാതയുടെ 200 മീറ്ററുമാണ് അടയ്ക്കുന്നത്. കൂടാതെ വാദി അല്‍ സെയ്ല് ഇന്റര്‍സെക്ഷനിലെ അമീരി ദിവാന് നേര്‍ക്കുള്ള അല്‍ ബിദ സ്ട്രീറ്റിനു വലത്തേ പാതയുടെ 100 മീറ്ററും അടയ്ക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.