Currency

വിമാനങ്ങളില്‍ ഇനിമുതല്‍ മൊബൈല്‍ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കാം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

സ്വന്തം ലേഖകന്‍Sunday, January 21, 2018 11:49 am

 

ന്യൂഡല്‍ഹി: വ്യോമയാനമേഖലയില്‍ മാറ്റത്തിന് വഴിയൊരുക്കി ടെലകോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി). ഇന്ത്യയിലെ വിമാനയാത്രക്കാര്‍ക്ക് വിമാനത്തിനുള്ളില്‍ ഇന്റര്‍നെറ്റും മൊബൈല്‍സേവനങ്ങളും ഉപയോഗിക്കാന്‍ ട്രായി അനുവാദം നല്‍കി. നിബന്ധനകള്‍ക്ക് വിധേയമായാണ് പുതിയ തീരുമാനം.

3,000 മീറ്റര്‍ ഉയരത്തില്‍ പറക്കുന്ന വിമാനങ്ങളിലാണ് മൊബൈല്‍ സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുക. എന്നാല്‍ വിമാനം പറന്നുയരുന്നതുമുതല്‍ തന്നെ ഇന്റര്‍നെറ്റ് ഉപയോഗിച്ചു തുടങ്ങാം. ഫ്ളൈറ്റ് മോഡില്‍ മാത്രമേ വൈഫൈ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ നിരവധി ചര്‍ച്ചകള്‍ക്കു ശേഷമാണ് ട്രായി ഇതിന് അനുവാദം നല്‍കിയത്.

രണ്ട് തരത്തിലാണ് ഇന്റര്‍നെറ്റ് സേവനം വിമാനത്തില്‍ ലഭ്യമാവുക. ഉപഗ്രഹ- ഭൗമ നെറ്റ്വര്‍ക്കുകള്‍വഴി ഈ സേവനങ്ങള്‍ ലഭ്യമാകും. ഭൂനിരപ്പില്‍നിന്ന് 3500 മീറ്റര്‍ ഉയരത്തില്‍ വിമാനം സഞ്ചരിക്കുമ്പോഴാണ് ഇവ ലഭിക്കുക. മൊബൈല്‍ ബ്രോഡ്ബാന്റ് ടവര്‍ വഴി ലഭ്യമാക്കുന്ന ഇന്റര്‍നെറ്റിനായി വിമാനത്തില്‍ ആന്റിന ഘടിപ്പിക്കും. ടവറില്‍ നിന്ന് സിഗ്‌നല്‍ പിടിച്ചെടുക്കന്നതിനാണിത്. വിമാനം കടലിന് മീതേ പറക്കുമ്പോള്‍ ഇത് എത്രത്തോളം പ്രായോഗികമാണ് എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു

സാറ്റലൈറ്റ് വഴി ലഭ്യമാകുന്ന ഇന്റര്‍നെറ്റായിരിക്കും ഭാവിയില്‍ കൂടുതല്‍ വ്യാപകമാകുക എന്ന് വേണം കരുതാന്‍. വെള്ളത്തിന് മീതേ പറക്കുമ്പോള്‍ സിഗ്‌നനല്‍ കിട്ടാതിരിക്കാനുള്ള സാധ്യത ഇവിടെ ഉണ്ടാകുന്നില്ല. വിമാനത്തിനുള്ളില്‍ വൈഫൈ ഉപയോഗിച്ച് ഇന്റര്‍നെറ്റ് അനുവദിക്കാനും ഇതിലൂടെ സാധിക്കും.

വരുന്ന ആറ് വര്‍ഷത്തിനുള്ളില്‍ ലോകത്തെ പകുതിയിലധികം വിമാനത്തിലും വൈഫൈ സേവനം ലഭ്യമാകുമെന്നാണ് ബ്രിട്ടീഷ് സാറ്റലൈറ്റ് ടെലീ കമ്യൂണിക്കേഷന്‍ വ്യക്തമാക്കുന്നത്. 2020 തോടെ ഇത് വലിയൊരു വരുമാന മേഖലയായി മാറുമെന്നും 100 കോടി ഡോളറിന്റെ വരുമാനം വരെ ഇതിലൂടെ ലഭിക്കുമെന്നുമാണ് കരുതപ്പെടുന്നത്.

വിമാനത്തിലെ ഇന്റര്‍നെറ്റ് സേവനത്തിന് മറ്റ് കണക്ഷനുകളെ അപേക്ഷിച്ച് കൂടുതല്‍ ചാര്‍ജ് നല്‍കേണ്ടി വരും. ഫോണ്‍, ടാബ്ലെറ്റ്, ലാപ്ടോപ്പ് എന്നിങ്ങനെ തരംതിരിച്ചാണ് മിക്ക എയര്‍ലൈന്‍സും ചാര്‍ജ് ഈടാക്കുന്നത്. ലാപ്ടോപ്പിന് കൂടുതല്‍ ചാര്‍ജ് ഈടാക്കും.

യാത്രയ്ക്കിടെ വിമാനത്തില്‍ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നത് സംബന്ധിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ടെലികോം മന്ത്രാലയത്തിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. വിമാനത്തില്‍ ഫോണ്‍കോള്‍, ഡാറ്റ, വീഡിയോ സേവനങ്ങള്‍ എന്നിവ മൊബൈലില്‍ ലഭ്യമാക്കുന്നതുസംബന്ധിച്ചു കഴിഞ്ഞ ഓഗസ്റ്റില്‍ ടെലികോം മന്ത്രാലയം ട്രായിയുടെ അഭിപ്രായം തേടിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x