Currency

ഗതാഗത വാരാഘോഷം 18 മുതല്‍ 24 വരെ

സ്വന്തം ലേഖകന്‍Saturday, March 17, 2018 9:41 am

ദോഹ: 34ാമത് ഗതാഗത വാരാഘോഷം മാര്‍ച്ച് 18 മുതല്‍ 24 വരെ ദര്‍ബ് അല്‍ സായിയില്‍ നടക്കും. ‘യുവര്‍ ലൈഫ് ഈസ് എ ട്രസ്റ്റ്’ എന്ന പ്രമേയത്തിലൂന്നിയാണ് ഇത്തവണത്തെ വാരാഘോഷമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ഗതാഗത വാരോഘോഷത്തിന്റെ ഭാഗമായി രാവിലെ എട്ട് മുതല്‍ രാത്രി ഒമ്പത് വരെ രണ്ട് ഘട്ടങ്ങളിലായി ദര്‍ബ് അല്‍ സായിയില്‍ വിവിധ പരിപാടികള്‍ നടക്കുമെന്ന് ഗതാഗത ബോധവല്‍കരണ വകുപ്പ് മേധാവി കേണല്‍ മുഹമ്മദ് റാദി അല്‍ ഹാജിരി പറഞ്ഞു. ഈ വര്‍ഷത്തെ പരിപാടിയില്‍ 60ലധികം സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്.

ട്രാഫിക് വകുപ്പിന്റെ കീഴില്‍ ദോഹക്ക് പുറമേ ശമാലിലും ദുഖാനിലും മറ്റ് സ്ഥലങ്ങളിലുമായി വിവിധ ബോധവല്‍കരണ പരിപാടികള്‍ നടക്കും. സൂഖ് വാഖിഫ്, ട്രാഫിക് ഫോര്‍ട്ട്, കുടുംബങ്ങള്‍ക്കായി പ്രത്യേകം അടയാളപ്പെടുത്തിയിട്ടുള്ള കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും പരിപാടികള്‍ നടക്കും. എന്നാല്‍ പ്രധാന കേന്ദ്രം ദര്‍ബ് അല്‍ സായി ആയിരിക്കും. വിവിധ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ തുടങ്ങിയവര്‍ വാരാഘോഷത്തില്‍ അണിചേരും. വിവിധ തലക്കെട്ടുകളിലൂന്നി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ സംവാദ മത്സരവും സാംസ്‌കാരിക പരിപാടികളും ഇതോടൊപ്പം സംഘടിപ്പിക്കും.

ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടുന്ന തലാ ക്യാമറകള്‍, ഫാഹിസ് സര്‍വീസുകള്‍, ഡ്രൈവിംഗ് സ്‌കൂളുകളുടെ ട്രെയ്‌നിംഗ് സംവിധാനം എന്നിവ സംബന്ധിച്ചുള്ള പ്രദര്‍ശനങ്ങളും ഡ്രൈവിംഗ് സ്‌കൂളുകള്‍ പ്രായോജകരായിട്ടുള്ള ദൈനംദിന മത്സരങ്ങളും ട്രാഫിക് വാരാഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x