Currency

കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് വിലക്ക്; രാജ്യങ്ങളുടെ പട്ടികയില്‍ മാറ്റം, ഇന്ത്യക്കാര്‍ക്ക് പ്രവേശനമില്ല

സ്വന്തം ലേഖകന്‍Tuesday, September 15, 2020 2:43 pm

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നു രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തി. യമന്‍, ഫ്രാന്‍സ്, അര്‍ജന്റീന എന്നീ രാജ്യങ്ങളെയാണ് പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തിയത്. തിങ്കളാഴ്ച ചേര്‍ന്ന പ്രതിവാര മന്ത്രിസഭായോഗമാണ് 32 രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് സിങ്കപ്പൂരിനെ ഒഴിവാക്കുകയും യമന്‍, ഫ്രാന്‍സ്, അര്‍ജന്റീന എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്തത്.

ഇന്ത്യയില്‍ നിന്നു നേരിട്ടുള്ള യാത്രക്കാര്‍ക്ക് വിലക്ക് തുടരും. ഈജിപ്ത്, ഇന്തൊനേഷ്യ, ഇറ്റലി, ഇറാന്‍, ഇറാഖ്, ചൈന, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍, ഫിലിപ്പൈന്‍സ് ബ്രസീല്‍, സിറിയ, സ്‌പെയിന്‍, മെക്‌സിക്കോ, ലബനാന്‍, ഹോങ്കോങ് തുടങ്ങി 34 രാജ്യങ്ങള്‍ക്കാണ് ഇപ്പോള്‍ വിലക്ക് ബാധകം.

കോവിഡ് റിസ്‌ക് കൂടിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇടക്കിടെ മാറ്റം വരുത്തുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. വിലക്കില്ലാത്ത രാജ്യങ്ങളില്‍ രണ്ടാഴ്ച താമസിച്ച് കോവിഡ് മുക്തനാണെന്ന സര്‍ട്ടിഫിക്കറ്റുമായി കുവൈത്തിലേക്ക് വരുന്നതിന് തടസ്സമില്ല. ഇത്തരത്തില്‍ യു.എ.ഇ വഴി നിരവധി പേര്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ യു.എ.ഇ സന്ദര്‍ശന വിസ നിബന്ധനകള്‍ കടുപ്പിച്ചത് ഇത്തരം ട്രാന്‍സിറ്റ് യാത്രകളെ ബാധിക്കുമോ എന്ന ആശങ്കയും ശക്തമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x