
ദോഹ: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് അമേരിക്ക മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ഉപരോധ രാജ്യങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് ഖത്തര്‍. അമേരിക്കയുടെ നിര്‍ദേശങ്ങളോട് ഖത്തര്‍ ഗുണപരമായാണ് പ്രതികരിച്ചത്. എന്നാല്‍ ഉപരോധ രാജ്യങ്ങള്‍ ഈ നിര്‍ദ്ദേശങ്ങളോട് മുഖം തിരിക്കുകയായിരുന്നുവെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍ഥാനി കുറ്റപ്പെടുത്തി.
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണുമായി ചര്‍ച്ച നടത്തുന്നതിന് വാഷിംഗ്ടണിലെത്തിയ അദ്ദേഹം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ നേരിട്ട് ചര്‍ച്ചകള്‍ക്ക് വേണ്ടി ഒന്നിച്ചിരിക്കാന്‍ സമയമായെന്ന് കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് വക്താവ് അഭിപ്രായപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് അമേരിക്കന്‍ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അംഗ രാജ്യങ്ങള്‍ ഇനിയും സന്നദ്ധമായിട്ടില്ലെന്ന് ഖത്തര്‍ വ്യക്തമാക്കിയത്. നിലവില്‍ മാധ്യസ്ഥ ശ്രമം നടക്കുന്നത് കുവൈത്തിന്റെ മേല്‍നോട്ടത്തിലാണ്.
ചര്‍ച്ചയുടെ വിഷയവും സ്ഥലവും നിശ്ചയിക്കുന്നതിന് മുമ്പ് അമേരിക്ക മുമ്പോട്ടുവെച്ച നിര്‍ദേശങ്ങളോട് ഉപരോധ രാജ്യങ്ങളുടെ പ്രതികരണം ഈ രാജ്യങ്ങള്‍ വ്യക്തമാക്കേണ്ടതുണ്ടെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.