Currency

അമേരിക്കയുടെ കോവിഡ് വാക്സിന്‍ നവംബറില്‍ വിതരണം ആരംഭിക്കും; സുരക്ഷയെക്കുറിച്ച് ആശങ്ക വേണ്ടെന്ന് നിര്‍ദേശം

സ്വന്തം ലേഖകന്‍Friday, September 4, 2020 12:30 pm

അമേരിക്കയില്‍ നവംബര്‍ ഒന്നോടെ കോവിഡ് വാക്സിന്‍ വിതരണം ചെയ്യാന്‍ തയ്യാറാകാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം. അമേരിക്കയുടെ രോഗ പ്രതിരോധ നിയന്ത്രണ കേന്ദ്ര തലവന്‍ റോബര്‍ട്ട് റെഡ് ഫീല്‍ഡാണ് ഗവര്‍ണര്‍മാര്‍ക്ക് കത്തയച്ചത്.

ആഗസ്റ്റ് 27നാണ് റോബര്‍ട്ട് റെഡ്ഫീല്‍ഡ് ഗവര്‍ണര്‍മാര്‍ക്ക് കത്തയച്ചത്. സിഡിസിയുമായി ചേര്‍ന്ന് പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും വാക്‌സിന്‍ വിതരണത്തിന് മാക് കെസ്സന്‍ കോര്‍പറേഷനാണ് കരാര്‍ എടുത്തിട്ടുള്ളതെന്നും കത്തില്‍ പറയുന്നു. വാക്സിന്റെ ഗുണനിലവാരത്തെയും സുരക്ഷയെയും കുറിച്ച് ആശങ്ക വേണ്ടെന്നും കത്തില്‍ പരാമര്‍ശമുണ്ട്.

എന്നാല്‍ പെട്ടെന്നുള്ള വാക്സിന്‍ വിതരണം പ്രസിഡന്റ് തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി രാഷ്ട്രീയ ലാഭത്തിനാണെന്നുള്ള വിമര്‍ശനം ഉയരുന്നുണ്ട്. വാക്സിന്റെ സുരക്ഷ സംബന്ധിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലും ആശങ്കയുണ്ട്. നേരത്തെ റഷ്യ കോവിഡ് വാക്സിന് അനുമതി നല്‍കിയപ്പോള്‍ മരുന്ന് പരീക്ഷണത്തിന്റെ മുഴുവന്‍ ഘട്ടങ്ങളും പൂര്‍ത്തിയാക്കില്ലെന്ന വിമര്‍ശനം അമേരിക്ക ഉന്നയിച്ചിരുന്നു. നിലവില്‍ അമേരിക്കക്കെതിരെയും സമാന വിമര്‍ശനം ഉയരുകയാണ്.

അടുത്ത വര്‍ഷത്തോടെ വന്‍തോതില്‍ വാക്സിന്‍ വിതരണം സാധ്യമാകുമെന്നും കത്തില്‍ പറയുന്നു. അമേരിക്കയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 61 ലക്ഷം കവിഞ്ഞു. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ബ്രസീല്‍ രണ്ടാമതും ഇന്ത്യ മൂന്നാമതുമാണ്.

അതിനിടെ 20 മിനുട്ട് കൊണ്ട് കോവിഡ് ഫലം ലഭിക്കുന്ന പുതിയ പരിശോധന രീതി വികസിപ്പിക്കാനൊരുങ്ങുകയാണ് ബ്രിട്ടന്‍. 20 മിനുട്ട് കൊണ്ട് ഫലം തരുന്ന പരിശോധനയും ഉമിനീര്‍ സാംപിള്‍ ഉപയോഗിച്ചുള്ള പരിശോധയുമാണ് പരീക്ഷണഘട്ടത്തിലുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x