
ദോഹ: രാജ്യത്തെ പ്രവാസിസമൂഹത്തിനായി ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹിക മന്ത്രാലയം, ബര്‍വ ഗ്രൂപ്പ് എന്നിവയുടെ സഹകരണത്തില്‍ വിപുലമായ ഈദ് ആഘോഷപരിപാടികളാണ് ഇത്തവണയും ആഭ്യന്തരമന്ത്രാലയം സംഘടിപ്പിക്കുന്നത്. ആറിടങ്ങളിലായാണ് ഇത്തവണ ആഘോഷം നടക്കുന്നതെന്ന് മന്ത്രാലയം പ്രതിനിധികള്‍ അറിയിച്ചു. ഏഷ്യന്‍ ടൗണ്‍, ബര്‍വ സിറ്റി, ബര്‍ല ബരാഹ, അല്‍ വഖ്റ സ്പോര്‍ട്സ് ക്ലബ്ബ്, അല്‍ അഹലി സ്പോര്‍ട്സ് ക്ലബ്ബ്, അല്‍ഖോറിലെ ബര്‍വ വര്‍ക്കേഴ്സ് റിക്രിയേഷന്‍ കോംപ്ലക്സ് തുടങ്ങി ആറിടങ്ങളിലാണ് ആഘോഷം നടക്കുന്നത്. ഈദിന്റെ ആദ്യ രണ്ടുദിവസങ്ങളില്‍ വൈകിട്ട് അഞ്ചുമുതല്‍ രാത്രി പത്തുവരെയാണ് ആഘോഷം.
ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ പ്രവാസിസമൂഹങ്ങളുടെ സംഗീതം, സാംസ്കാരികം, നാടന്‍കലാരൂപങ്ങള്‍, പരമ്പരാഗത പ്രകടനങ്ങള്‍ എന്നിവയെല്ലാം അരങ്ങേറും. ഏഷ്യന്‍ ടൗണിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പാര്‍ക്കിങ് മേഖലയിലും ലേബര്സിറ്റിയിലെ കളിസ്ഥലത്തും ബര്‍വ ബരാഹയിലെ കളിസ്ഥലത്തുമായി ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്കന്‍ കലാകാരന്മാരുടെയും ഏഷ്യന്‍ ഓര്‍ക്കസ്ട്ര ടീമിന്റെയും വ്യത്യസ്ത കലാ, സാംസ്കാരിക പരിപാടികള്‍ അരങ്ങേറും. സംസ്കൃതി, സ്കില്‍സ് ഡെവലപ്മെന്റ്, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ തുടങ്ങി വിവിധ ഇന്ത്യന്‍ സംഘടനകളുടെ പരിപാടികളും അരങ്ങേറും.
ബര്‍വ വര്‍ക്കേഴ്സ് റിക്രിയേഷന്‍ കോംപ്ലക്സില്‍ അല്‍ഖോറില്‍ ഇന്ത്യ, നേപ്പാള്‍ തുടങ്ങി വ്യത്യസ്ത ഏഷ്യന്‍ പ്രവാസി സമൂഹങ്ങളുടെ പരിപാടികളാണ് നടക്കുന്നത്. എല്ലാ പ്രവാസിസമൂഹങ്ങളും ആഘോഷത്തില്‍ പങ്കെടുക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. രണ്ട് ദിവസമായി നടക്കുന്ന ആഘോഷത്തില്‍ രാജ്യത്തെ എല്ലാ കമ്പനികളും തങ്ങളുടെ പരമാവധി തൊഴിലാളികളെ പങ്കെടുപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.