Currency

വാറ്റ് ഒമാനില്‍ വില വര്‍ധനവിന് കാരണമായേക്കില്ല

സ്വന്തം ലേഖകന്‍Tuesday, December 26, 2017 1:22 pm

ഒമാന്‍: യുഎഇയിലും സൗദി അറേബ്യയിലും ജനുവരി ഒന്ന് മുതല്‍ മൂല്യവര്‍ധിത നികുതി പ്രാബല്യത്തിലാവുന്നത് ഒമാനില്‍ വില വര്‍ധനവിന് കാരണമായേക്കില്ല. കയറ്റുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് വാറ്റ് പൂജ്യം ശതമാനമായിരിക്കും. ഇതാണ് വില വര്‍ധിക്കാതിരിക്കാന്‍ കാരണം. എന്നാല്‍, ഒമാന്‍ വാറ്റ് നടപ്പാക്കുന്നതോടെ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ നികുതി നല്‍കേണ്ടി വരും. അപ്പോഴും ഒമാനിലുള്ള അഞ്ച് ശതമാനം നികുതി മാത്രമായിരിക്കും മറ്റു ജി.സി.സി രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്കും എന്നതിനാല്‍ വിലയില്‍ മാറ്റമുണ്ടാകില്ല. അതേസമയം ജനുവരി ഒന്ന് മുതല്‍ യു.എ.ഇയും സൗദി അറേബ്യയും മാത്രമാണ് വാറ്റ് നടപ്പാക്കുന്നത്.

ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത് രാജ്യങ്ങള്‍ 2019 ആദ്യത്തോടെയായിരിക്കും വാറ്റ് നടപ്പാക്കുക. അതേസമയം ഒമാനിലെ ചെറുകിട വ്യാപാരികള്‍ പലതും യുഎഇ മൊത്തവ്യാപാര മാര്‍ക്കറ്റില്‍നിന്ന് വാങ്ങിയാണ് വിപണനം നടത്തുന്നതെന്നതിനാല്‍ വാറ്റ് ഒമാനിലെ ചെറുകിട വ്യാപാരികളെ പ്രതികൂലമായി ബാധിക്കും.

ഒമാനിലെ ഹൈപര്‍മാര്‍ക്കറ്റുകള്‍ക്കും യു.എ.ഇയിലെ വാറ്റ് അനുഗ്രഹമാവും. ചൈന അടക്കമുള്ള മറ്റ് രാജ്യങ്ങളില്‍നിന്ന് യുഎഇ വഴി ഒമാനിലേക്ക് ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഹൈപ്പര്‍ മാര്‍ക്കറ്റ് ഉടമകള്‍ വാറ്റ് നല്‍കേണ്ടി വരില്ല. ഇത്തരം സ്ഥാപനങ്ങള്‍ മറ്റ് രാജ്യങ്ങളില്‍നിന്ന് യു.എ.ഇയിലേക്ക് ഉല്‍പന്നങ്ങള്‍ ഇറക്ക് മതി ചെയ്യുമ്പോള്‍ നല്‍കേണ്ടി വരുന്ന അഞ്ച് ശതമാനം നികുതി ഒമാനിലേക്ക് കയറ്റുമതി ചെയ്യുമ്പോള്‍ റീ ഇമ്പേഴ്‌സ്‌മെന്റ് ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x