
ഒമാന്‍: ഉടമകളുടെ ഡ്രൈവിങ് ലൈസന്‍സ് കാലാവധി കഴിഞ്ഞാലും വാഹനങ്ങളുടെ ഇന്‍ഷൂറന്‍സ് പുതുക്കി നല്‍കണമെന്ന് കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി നിര്‍ദേശിച്ചു. കോവിഡ് വ്യാപനം തടയാനുള്ള നടപടികളുടെ ഭാഗമായി സുപ്രീം കമ്മിറ്റി നിര്‍ദേശത്തെ തുടര്‍ന്ന് റോയല്‍ ഒമാന്‍ പൊലീസ് ഇന്‍ഷൂറന്‍സ്, വാഹന രജിസ്‌ട്രേഷന്‍ പുതുക്കല്‍ അടക്കം സേവനങ്ങള്‍ നിര്‍ത്തിവെച്ച പശ്ചാത്തലത്തിലാണ് കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റിയുടെ നിര്‍ദേശം. ഇക്കാലയളവില്‍ ഉണ്ടാകുന്ന വാഹനാപകടങ്ങള്‍ക്ക് നഷ്ടപരിഹാര തുക ലഭ്യമാക്കുകയും വേണം.
സുപ്രീം കമ്മിറ്റി നിര്‍ദേശ പ്രകാരം ഇന്‍ഷൂറന്‍സ് മേഖലയില്‍ വിവിധ മുന്‍കരുതല്‍ നടപടികള്‍ നടപ്പാക്കുമെന്ന് കഴിഞ്ഞയാഴ്ച കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി അറിയിച്ചിരുന്നു. നിലവിലെ സാഹചര്യങ്ങള്‍ മാറിയ ശേഷം മാത്രം മുല്‍ക്കിയയും ലൈസന്‍സും പുതുക്കിയാല്‍ മതിയാകും.
കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി രാജ്യത്തെ ഇന്‍ഷൂറന്‍സ് കമ്പനികള്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ നല്‍കുന്നത്. ചില കമ്പനികളുടെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള പ്രത്യേക ഭാഗത്ത് ഡ്രൈവിങ് ലൈസന്‍സ് വിവരങ്ങള്‍, വാഹനത്തിന്റെ വിവരങ്ങള്‍ എന്നിവ നല്‍കിയാല്‍ മതി. വാട്ട്‌സ്ആപ്പും കാള്‍ സെന്ററും വഴി ഇന്‍ഷൂറന്‍സ് ബുക്കിങ് സ്വീകരിക്കുന്ന കമ്പനികളുമുണ്ട്. ബുക്കിങ് പൂര്‍ത്തിയാക്കാന്‍ ഓണ്‍ലൈന്‍ വഴി പണം അയച്ചു നല്‍കാം. ശേഷം ഇന്‍ഷൂറന്‍സിന്റെ ഡിജിറ്റല്‍ കോപ്പി അയച്ചുനല്‍കും. പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് മുമ്പ് ടെലിഫോണിലും മറ്റും ബന്ധപ്പെട്ട് ഏജന്റുമാരുടെ വിശ്വസ്ഥത ഉറപ്പുവരുത്തണമെന്നും അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.