
ഒമാന്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സന്ദര്‍ശന വിസക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്താന്‍ ഒമാന്‍ തീരുമാനിച്ചു. തിങ്കളാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഏപ്രില്‍ എട്ട് വ്യാഴാഴ്ച ഉച്ചക്ക് 12 മണി മുതലായിരിക്കും വിലക്ക് പ്രാബല്ല്യത്തില്‍ വരുക. ഒമാനി പൗരന്മാര്‍ക്കും റെസിഡന്റ് വിസയിലുള്ളവര്‍ക്കും മാത്രമായിരിക്കും വ്യാഴാഴ്ച ഉച്ചമുതല്‍ രാജ്യത്തെ വിമാനത്താവളങ്ങള്‍ വഴി പ്രവേശനാനുമതി ലഭിക്കുകയുള്ളൂവെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.
ഒമാനില്‍ നിലവിലുള്ള രാത്രി യാത്രാവിലക്ക് ഏപ്രില്‍ എട്ടിന് അവസാനിക്കും. എന്നാല്‍ രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയുള്ള വ്യാപാര- വാണിജ്യ സ്ഥാപനങ്ങളുടെ അടച്ചിടല്‍ റമദാന്‍ ഒന്ന് വരെ തുടരും. റമദാനില്‍ രാത്രി യാത്രാവിലക്ക് പുനരാരംഭിക്കും. രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ചെ നാലുവരെയായിരിക്കും വിലക്കുണ്ടാവുക. ഈ സമയം വ്യാപാര- വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചിടുകയും വേണം.
റമദാനില്‍ മസ്ജിദുകളിലും പൊതുസ്ഥലങ്ങളിലും തറാവീഹ് നമസ്‌കാരത്തിന് അനുമതിയുണ്ടായിരിക്കില്ല. റമദാനില്‍ മസ്ജിദുകളിലും വീടുകളിലും മജ്‌ലിസുകളിലുമായി സമൂഹ നോമ്പുതുറകള്‍ അടക്കം ഒരു തരത്തിലുള്ള ഒത്തുചേരലുകളും അനുവദനീയമായിരിക്കില്ല. സാമൂഹിക, സാംസ്‌കാരിക, കായിക പരിപാടികള്‍ക്കും ഈ കാലയളവില്‍ വിലക്ക് നിലവിലുണ്ടായിരിക്കുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.