Currency

വിസ്താരയുടെ പ്രഥമ ഇന്ത്യ- ഖത്തര്‍ സര്‍വീസുകള്‍ക്ക് 19ന് തുടക്കം; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

സ്വന്തം ലേഖകന്‍Thursday, November 5, 2020 4:44 pm

ദോഹ: ഇന്ത്യന്‍ വിമാന കമ്പനിയായ വിസ്താരയുടെ പ്രഥമ ഇന്ത്യ- ഖത്തര്‍ സര്‍വീസുകള്‍ക്ക് ഈ മാസം 19ന് തുടക്കമാകും. 19ന് ഡല്‍ഹിയില്‍ നിന്നും ദോഹയിലേക്കാണ് ആദ്യ സര്‍വീസ്. വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നിന്നും രാത്രി 8.00ന് പുറപ്പെടുന്ന വിമാനം ദോഹയില്‍ പ്രാദേശിക സമയം 9.45 ന് എത്തും. ദോഹയില്‍ നിന്നും തിരികെ 10.45ന് ഡല്‍ഹിയിലേക്ക് മടങ്ങും.

റെഗുലേറ്ററി അനുമതികള്‍ ലഭിക്കുന്നത് പ്രകാരമായിരിക്കും യാത്രാ ഷെഡ്യൂള്‍. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. കോവിഡ്-19 നിയന്ത്രണങ്ങളെ തുടര്‍ന്നു നിലവില്‍ ഇന്ത്യ-ഖത്തര്‍ എയര്‍ബബിള്‍ കരാര്‍ പ്രകാരമാണ് സര്‍വീസുകള്‍ നടക്കുന്നത്. ഇന്ത്യയിലേക്കും തിരിച്ചും ഇന്ത്യന്‍ വിമാനങ്ങള്‍ കൂടാതെ ഖത്തര്‍ എയര്‍വേയ്സും സര്‍വിസ് നടത്തുന്നുണ്ട്. കഴിഞ്ഞ ആഴ്ചയിലാണ് ഡിസംബര്‍ 31 വരെ കരാര്‍ കാലാവധി നീട്ടിയത്. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ എക്സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റ് ലഭിക്കുന്ന ഖത്തര്‍ പ്രവാസികള്‍ക്ക് മാത്രമാണ് രാജ്യത്തേക്ക് പ്രവേശനം. ദോഹയിലെത്തുന്നവര്‍ ഏഴു ദിവസം നിര്‍ബന്ധമായും ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയുകയും വേണം.

പെര്‍മിറ്റ് ലഭിച്ച് ഹോട്ടല്‍ മുറി ലഭ്യതയനുസരിച്ചാണ് ഇന്ത്യയില്‍ നിന്നും ദോഹയിലേക്ക് യാത്ര സാധ്യമാകൂ. ഖത്തര്‍ എയര്‍വേയ്സിനു പുറമേ ഇന്ത്യന്‍ വിമാന കമ്പനികളായ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ എന്നിവ മാത്രമാണ് ഖത്തറില്‍ നിന്നും ഇന്ത്യന്‍ നഗരങ്ങളിലേക്കും തിരിച്ചും സര്‍വിസ് നടത്തുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x