Currency

ന്യൂനമര്‍ദം തീവ്രമായി; കൂടുതല്‍ ശക്തിയാര്‍ജിക്കും, മുന്നറിയിപ്പ് സന്ദേശങ്ങള്‍ പിന്തുടരണമെന്ന് അധികൃതര്‍

സ്വന്തം ലേഖകന്‍Friday, October 25, 2019 12:18 pm

മസ്‌കത്ത്: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം തീവ്രമായി മാറിയതായി ഒമാന്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന് കീഴിലുള്ള ദേശീയ ദുരന്ത മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. അറബിക്കടലിന്റെ കിഴക്ക് ഭാഗത്ത് ഇന്ത്യന്‍ തീരത്തുനിന്ന് 200 കി.മീറ്റര്‍ അകലെയാണ് തീവ്ര ന്യൂനമര്‍ദത്തിന്റെ സ്ഥാനം. ഒമാനിലെ റാസ് അല്‍ മദ്‌റക്ക തീരത്തുനിന്ന് 1400 കി.മീറ്റര്‍ അകലെയുമാണ് തീവ്രന്യൂനമര്‍ദം ഉള്ളത്. മണിക്കൂറില്‍ 31 കി.മീറ്റര്‍ മുതല്‍ 50 കി.മീറ്റര്‍ വരെയാണ് കേന്ദ്രഭാഗത്തെ കാറ്റിന്റെ വേഗത. ഇന്ത്യന്‍ തീരത്തേക്കാണ് നിലവില്‍ തീവ്ര ന്യൂനമര്‍ദത്തിന്റെ സഞ്ചാരമെന്നും ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യാഴാഴ്ച രാവിലെ പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നു.

വെള്ളിയാഴ്ച കൂടുതല്‍ ശക്തിയാര്‍ജിച്ച് അതിതീവ്ര ന്യൂനമര്‍ദമാകാനും ദിശ മാറി അറബിക്കടലില്‍ പടിഞ്ഞാറ് ഭാഗത്തേക്ക് സഞ്ചരിക്കാനുമാണ് സാധ്യത. കാലാവസ്ഥ മാറ്റങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്നും ജനങ്ങള്‍ മുന്നറിയിപ്പ് സന്ദേശങ്ങള്‍ പിന്തുടരണമെന്നും സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റിയും അറിയിച്ചു. തീവ്ര ന്യൂനമര്‍ദം വെള്ളിയാഴ്ച വൈകുന്നേരം വരെ കിഴക്ക്-വടക്കു കിഴക്ക് ദിശയിലായി സഞ്ചരിക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും അറിയിച്ചു. ശേഷം ദിശമാറി പടിഞ്ഞാറ് ദിശയില്‍ കൂടുതല്‍ ശക്തിപ്രാപിച്ച് തെക്കന്‍ ഒമാന്‍, യമന്‍ തീരത്തെ ലക്ഷ്യമാക്കി അടുത്ത 72 മണിക്കൂറില്‍ സഞ്ചരിക്കുമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x