Currency

വിദേശത്തുനിന്ന് വാഹനങ്ങള്‍ വാങ്ങുന്നവര്‍ കബളിപ്പിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Wednesday, November 8, 2017 8:13 pm

അപകടത്തില്‍പെട്ട വാഹനങ്ങളും തീപിടിച്ച വാഹനങ്ങളുമൊക്കെ അറ്റകുറ്റപ്പണി നടത്തി വില്‍ക്കുകയാണ് ചെയ്യുക. ഇത് ഒഴിവാക്കാന്‍ വാഹനം വാങ്ങുന്നതിന് മുമ്പ് മൂന്നാമതൊരാളെ കൊണ്ട് പരിശോധിപ്പിച്ച് തകരാറില്ലാത്തവയാണെന്ന് ഉറപ്പാക്കണമെന്നും പൊലീസ് അറിയിച്ചു.

 

മസ്‌കത്ത്: വിദേശത്തുനിന്ന് ഉപയോഗിച്ച വാഹനങ്ങള്‍ വാങ്ങുന്നവര്‍ കബളിപ്പിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്. വിലയിലെ ലാഭവും മറ്റും നോക്കി അയല്‍രാജ്യങ്ങളില്‍നിന്ന് വാഹനങ്ങള്‍ വാങ്ങുന്നവര്‍ പറ്റിക്കപ്പെടുന്ന സംഭവങ്ങള്‍ നിരവധിയുണ്ടായിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും റോയല്‍ ഒമാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി.

അപകടത്തില്‍പെട്ട വാഹനങ്ങളും തീപിടിച്ച വാഹനങ്ങളുമൊക്കെ അറ്റകുറ്റപ്പണി നടത്തി വില്‍ക്കുകയാണ് ചെയ്യുക. ഇത് ഒഴിവാക്കാന്‍ വാഹനം വാങ്ങുന്നതിന് മുമ്പ് മൂന്നാമതൊരാളെ കൊണ്ട് പരിശോധിപ്പിച്ച് തകരാറില്ലാത്തവയാണെന്ന് ഉറപ്പാക്കണമെന്നും പൊലീസ് അറിയിച്ചു. ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ ഒമാന്‍ അതിര്‍ത്തികടന്ന് രണ്ടു ദിവസത്തിനകം തൊട്ടടുത്ത ട്രാഫിക് ഡിപ്പാര്‍ട്ടമെന്റിലെ പരിശോധനാകേന്ദ്രങ്ങളില്‍ ഹാജരാക്കി വിശദമായ റിപ്പോര്‍ട്ട് വാങ്ങണം.

കര്‍ശനമായ റോഡ് സുരക്ഷാ പരിശോധനകള്‍ വാഹനം മറികടക്കാത്ത പക്ഷം ലൈസന്‍സ് നല്‍കില്ല. സുരക്ഷാ മാനദണ്ഡങ്ങളിലെ പോരായ്മ മൂലം ചേസിന് ക്ഷതം പറ്റിയതുപോലുള്ള വാഹനങ്ങള്‍ക്ക് ഒരിക്കലും ലൈസന്‍സ് നല്‍കാന്‍ സാധിക്കില്ലെന്ന് ആര്‍.ഒ.പി ട്രാഫിക് ഓപറേഷന്‍സ് മേധാവി കേണല്‍ സൈദ് മുഹമ്മദ് അല്‍ സറാഫി പറഞ്ഞു.

ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലെ അംഗീകൃത വര്‍ക്‌ഷോപ്പുകളില്‍ വാഹനം ഹാജരാക്കി തകരാര്‍ ഒട്ടുമില്ലെന്ന് ഉറപ്പാക്കുക മാത്രമാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം. ഏഴുവര്‍ഷത്തിലധികം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളുടെ ഇറക്കുമതിയും ഒമാനില്‍ നിയമവിരുദ്ധമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x