
ദോഹ: വിദ്യാര്‍ഥികള്‍ പഠനസമയത്തിനിടയില്‍ ആവശ്യത്തിനു വെള്ളം കുടിക്കുന്നു എന്നുറപ്പാക്കാന്‍ സ്‌കൂളുകളില്‍ പുതിയൊരു പദ്ധതിയുമായി ഖത്തര്‍. ഇതിനായി വാട്ടര്‍ ബെല്‍ സംവിധാനമാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. അധ്യാപകര്‍ ക്ലാസിലുള്ള സമയത്താണ് ജലമണി മുഴങ്ങുക. അതിനാല്‍ കുട്ടികള്‍ വെള്ളം കുടിച്ചെന്ന് അധ്യാപകര്‍ക്ക് ഉറപ്പാക്കാനാകും. ഖത്തറില്‍ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ വാട്ടര്‍ബെല്‍ മുഴങ്ങിത്തുടങ്ങി.
കുട്ടികളെ വെള്ളം കുടിപ്പിക്കാന്‍ സ്‌കൂളുകളില്‍ പ്രത്യേക മണിയടി വേണമെന്നത് ഐക്യരാഷ്ട്ര സംഘടനയുടെ നിര്‍ദേശമാണ്. ലോകത്തിലെ 30 ശതമാനം സ്‌കൂളുകളിലും കുടിവെള്ളം ലഭ്യമല്ലെന്ന ഗ്ലോബല്‍ ബേസ് ലൈന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യുഎന്‍ ജലമണി എന്ന ആശയം ഈ ഓഗസ്റ്റില്‍ എല്ലാ രാജ്യങ്ങളിലേയും സ്‌കൂള്‍ അധികൃതര്‍ മുമ്പാകെ വെച്ചത്.
ആരോഗ്യവും ഉന്മേഷവും ഉറപ്പാക്കാന്‍ കുട്ടികള്‍ ആവശ്യത്തിനു വെള്ളം കുടിക്കേണ്ടതുണ്ടെന്ന് യുഎന്‍ ചില്‍ഡ്രന്‍സ് ഫണ്ടും ലോകാരോഗ്യ സംഘടനയും ചൂണ്ടിക്കാട്ടുന്നു. ലോകമെമ്പാടുമുള്ള കുട്ടികള്‍ക്കു കുടിവെള്ളം, ഹസ്തശുചിത്വവും സാനിറ്റേഷന്‍ സൗകര്യവും ഉറപ്പാക്കുക എന്നത് 2030ലേക്കുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ യുഎന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.