ദോഹ: പ്രവാസി താമസക്കാരുടെ വെള്ളത്തിന്റെ ബില്‍തുക 20 ശതമാനം വര്‍ധിക്കും. 2021 ജനുവരി മുതല്‍ പുതിയ നടപടി പ്രാബല്യത്തിലാകും. കഹ്റാമയുടെ പ്രതിമാസ വെള്ളത്തിന്റെ ബില്‍ തുകയില്‍ മലിനജലം നീക്കുന്നതിനുള്ള സേവന ഫീസ് കൂടി ഉള്‍പ്പെടുത്തുന്നതിനെ തുടര്‍ന്നാണ് 20 ശതമാനം വര്‍ധന. ജനുവരിയിലെ ബില്‍ ഫെബ്രുവരി ആദ്യമാണ് ലഭിക്കുക എന്നതിനാല്‍ ഫെബ്രുവരി മുതല്‍ ബില്‍തുകയില്‍ 20 ശതമാനം വര്‍ധനയുണ്ടാകും.
പൊതുമരാമത്ത് വകുപ്പും ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പറേഷനും(കഹ്റാമ) ചേര്‍ന്നാണ് പുതിയ നടപടി കൈക്കൊണ്ടത്. പ്രവാസി താമസക്കാര്‍ക്കും പ്രവാസികളുടെ വാണിജ്യ സ്ഥാപനങ്ങള്‍ക്കുമാണ് (എല്ലാത്തരം) വെള്ളത്തിന്റെ ബില്‍തുകയില്‍ വര്‍ധന. സ്വദേശികള്‍ക്ക് വ്യവസ്ഥ ബാധകമല്ല. നിലവിലെ ബില്‍ തുക 300 റിയാല്‍ ആണെങ്കില്‍ മലിനജലം നീക്കല്‍ സേവന ഫീസായി 60 റിയാല്‍ നല്‍കേണ്ടി വരും.
അടിസ്ഥാനസൗകര്യ സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനൊപ്പം വെള്ളത്തിന്റെ കാര്യക്ഷമമായ ഉപയോഗം കൂടിയാണ് തുക വര്‍ധിപ്പിക്കല്‍ കൊണ്ടു ലക്ഷ്യമിടുന്നത്. പൊതുജനങ്ങള്‍ക്കായി അഷ്ഗാല്‍ നല്‍കുന്ന വിവിധ സേവനങ്ങള്‍ക്ക് ഇക്കഴിഞ്ഞ ജനുവരി മുതലാണ് ഫീസ് നിശ്ചയിച്ചു തുടങ്ങിയത്. മലിനജലം ശേഖരിച്ച് സംസ്‌കരിച്ച് പാര്‍ക്കുകളിലെ ജലസേചനത്തിനും മറ്റുമാണ് ഉപയോഗിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.