
മസ്‌കത്ത്: വാട്ട്‌സ്ആപ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ട സംഭവങ്ങള്‍ ഒന്നിലധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്. ഒമാന്‍ സെര്‍ട്ടാണ് ഇക്കാര്യം അറിയിച്ചത്. ഇരകളില്‍നിന്ന് പല കാരണങ്ങള്‍ പറഞ്ഞ് വെരിഫിക്കേഷന്‍ കോഡുകള്‍ സ്വന്തമാക്കിയ ശേഷമാണ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നത്. തുടര്‍ന്ന് ഇരയുടെ കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരില്‍നിന്ന് പണം ആവശ്യപ്പെടുകയും ചെയ്യും.
ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഫോണില്‍ വരുന്ന വെരിഫിക്കേഷന്‍ കോഡുകള്‍ മറ്റാര്‍ക്കും പറഞ്ഞുകൊടുക്കരുതെന്ന് സെര്‍ട്ട് അറിയിച്ചു. വെരിഫിക്കേഷന്‍ കോഡ് അടങ്ങിയ ടെക്‌സ്റ്റ് മെസേജുകളില്‍ വരുന്ന ലിങ്കുകള്‍ തുറന്നുനോക്കരുത്. സെറ്റിങ്‌സില്‍ രണ്ട് സ്‌റ്റെപ് വെരിഫിക്കേഷന്‍ ഓണ്‍ ചെയ്തിടുകയും വേണം. പണം കൈമാറാന്‍ ആവശ്യപ്പെട്ടുള്ള വാട്ട്‌സ്ആപ് മെസേജുകളോട്, അത് നിങ്ങളുടെ കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്ള ആള്‍ ആണെങ്കില്‍ കൂടി പ്രതികരിക്കരുത്. വാട്ട്‌സ്‌പേ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്ന പക്ഷം കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരെ വിവരമറിയിക്കണം. ഹാക്ക് ചെയ്യപ്പെടുന്ന പക്ഷം വാട്ട്‌സ്ആപ് ആപ്ലിക്കേഷന്‍ റീ ഇന്‍സ്റ്റാള്‍ ചെയ്യണം. ഫോണ്‍ നമ്പര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വെരിഫിക്കേഷന്‍ കോഡിനായി കാത്തിരിക്കുക. രണ്ട് സ്‌റ്റെപ് വെരിഫിക്കേഷന്‍ നമ്പര്‍ നല്‍കാന്‍ ആവശ്യപ്പെടുമ്പോള്‍ ഫോര്‍ഗെറ്റ് പിന്‍ എന്നത് ക്ലിക്ക് ചെയ്യുക.
ഇതോടെ നിങ്ങളുടെ വാട്ട്‌സ്ആപ് മെസജേ് ഏഴു ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുകയാണെന്ന മെസേജ് ലഭിക്കും. ഈ മെസേജേ് ലഭിക്കാത്ത പക്ഷം പേജില്‍ തന്നെയുള്ള കോണ്‍ടാക്ട് സപ്പോര്‍ട്ടില്‍ ക്ലിക്ക് ചെയ്ത ശേഷം ഹാക്ക് ചെയ്യപ്പെട്ടതിനാല്‍ വാട്ട്‌സ്‌പേ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഇംഗ്ലീഷില്‍ മെസേജ് അയക്കണമെന്നും സെര്‍ട്ട് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.