
ദോഹ: ശൈത്യകാല പച്ചക്കറി മാര്‍ക്കറ്റില്‍ ഈ സീസണില്‍ 50% അധിക വില്‍പന. പ്രാദേശികമായി ഉല്‍പാദിപ്പിച്ച്, വിപണനം ചെയ്ത പച്ചക്കറികള്‍ വാങ്ങാന്‍ വലിയ തിരക്കാണ് ഇത്തവണയുണ്ടായത്. അല്‍ മസ്‌റൂവ, അല്‍ ഖോര്‍ ദാഖിറ, അല്‍ വക്‌റ എന്നിവിടങ്ങളിലെ ശൈത്യകാല പച്ചക്കറി മാര്‍ക്കറ്റുകള്‍ ഈ സീസണിലെ പ്രവര്‍ത്തനം ഇന്ന് അവസാനിപ്പിക്കും.
ഉപഭോക്താക്കള്‍ക്കു പ്രദേശിക ഫാമുകളില്‍ നിന്നു നല്ല പച്ചക്കറികള്‍ കുറഞ്ഞ വിലയില്‍ വാങ്ങാനും ഇതു വഴിയൊരുക്കി. ഇത്തവണ 75ലേറെ ഫാമുകളാണു ശൈത്യകാല പച്ചക്കറി മാര്‍ക്കറ്റ് വഴി ഉപഭോക്താക്കള്‍ക്കു നേരിട്ടു സാധനങ്ങള്‍ വിറ്റഴിച്ചത്. റമസാന്‍ മാസവും പച്ചക്കറി മാര്‍ക്കറ്റുകള്‍ തുടരണമെന്നാണു ജനങ്ങള്‍ ആഗ്രഹിക്കുന്നതെങ്കിലും ഉല്‍പാദനം കുറഞ്ഞതിനാല്‍ അതിനു സാധിക്കാത്ത അവസ്ഥയാണെന്ന് അധികൃതര്‍ പറഞ്ഞു.
ഈ വര്‍ഷം ഒക്ടോബറില്‍ അടുത്ത വര്‍ഷത്തെ സീസണിലെ ശൈത്യകാല പച്ചക്കറി മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങും. ഇത്തവണത്തേക്കാള്‍ കൂടുതല്‍ ഫാമുകള്‍ അടുത്ത സീസണില്‍ പങ്കെടുക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നിലവിലുള്ള അല്‍ മസ്‌റൂവ, അല്‍ ഖോര്‍ ദാഖിറ, അല്‍ വക്‌റ എന്നിവയ്ക്കു പുറമെ, അല്‍ റുവായ്സ്, അല്‍ ഷഹാനിയ, അല്‍ സെയ്ലിയ എന്നിവിടങ്ങളിലും പുതിയ ശൈത്യകാല പച്ചക്കറി മാര്‍ക്കറ്റുകള്‍ അടുത്ത സീസണില്‍ ആരംഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.