മൂല്യത്തകര്‍ച്ചയെ തുടര്‍ന്ന് സ്വന്തം കറന്‍സിക്ക് പകരം കഴിഞ്ഞ ഏഴ് വര്‍ഷമായി അമേരിക്കന്‍ ഡോളറിലാണ് സിംബാബ്‌വെയില്‍ ക്രയവിക്രയങ്ങള്‍ നടന്നിരുന്നത്. യുഎസ് ഡോളറടക്കം ഒന്‍പതു വിദേശ കറന്‍സികളാണ് രാജ്യത്ത് ഉപയോഗിച്ചിരുന്നത്.
ഹരാരെ: പ്രചാരത്തിലിരുന്ന രണ്ട്, അഞ്ച് യുഎസ് ഡോളര്‍ നോട്ടുകള്‍ അസാധുവാക്കി, പുതിയതായി സ്വന്തം കറന്‍സി നോട്ടുകള്‍ സിംബാബ്‌വെ പുറത്തിറക്കി. സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന രാജ്യം ഇതോടെ വന്‍ വിലക്കയറ്റ, പണപ്പെരുപ്പ ഭീതിയിലായി. നോട്ടുകള്‍ മാറ്റിയെടുക്കാനും നിക്ഷേപം പിന്‍വലിക്കാനും ജനം ബാങ്കുകള്‍ക്കു മുന്നിലാണ്. ആഴ്ചയില്‍ പരമാവധി പിന്‍വലിക്കാവുന്നത് 150 ഡോളര്‍ (ഏകദേശം 10,000 ഇന്ത്യന്‍ രൂപ) എന്ന പരിധിയും നിശ്ചയിച്ചിട്ടുണ്ട്.
ബോണ്ട് നോട്ടുകള്‍ പുറത്തിറക്കുന്നതിലൂടെ രൂക്ഷമായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് ഒരളവു വരെ പരിഹാരം കാണാന്‍ കഴിയുമെന്നാണ് സിംബാബ്‌വെ സര്‍ക്കാരിന്റെ പ്രതീക്ഷ. എന്നാല്‍ നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന് രാജ്യമെങ്ങും പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്. ബോണ്ട് നോട്ടുകള്‍ പുറത്തിറക്കുന്നത് കൊണ്ട് സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അവശേഷിക്കുന്ന സമ്പാദ്യം കൂടി നഷ്ടമായേക്കുമെന്ന് ആശങ്കപ്പെടുന്നവരുമുണ്ട്.
സിബാബ്‌വെയുടെ സാമ്പത്തികാവസ്ഥ വളരെ ദയനീയമാണ്. 1991- 96 കാലഘട്ടത്തില്‍ മുഗാബെ സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കരണങ്ങളാണ് സിംബാബ്‌വെയുടെ സാമ്പത്തിക സ്ഥിതി ഇത്രയും മോശമാക്കിയത്. ഭരണത്തില്‍ ഇനിയും പിടിച്ചുനില്‍ക്കാന്‍ റോബര്‍ട്ട് മുഗാബെ നടത്തുന്ന അവസാനശ്രമമായും പരിഷ്‌കാരത്തെ വിലയിരുത്തപ്പെടുന്നു.
മൂല്യത്തകര്‍ച്ചയെ തുടര്‍ന്ന് സ്വന്തം കറന്‍സിക്ക് പകരം കഴിഞ്ഞ ഏഴ് വര്‍ഷമായി അമേരിക്കന്‍ ഡോളറിലാണ് സിംബാബ്‌വെയില്‍ ക്രയവിക്രയങ്ങള്‍ നടന്നിരുന്നത്. യുഎസ് ഡോളറടക്കം ഒന്‍പതു വിദേശ കറന്‍സികളാണ് രാജ്യത്ത് ഉപയോഗിച്ചിരുന്നത്. അതിനുശേഷം ഇപ്പോഴാണ് രാജ്യം സ്വന്തമായി കറന്‍സി പുറത്തിറക്കുന്നത്. യുഎസ് ഡോളറിനു തത്തുല്യമായ ബോണ്ട് നോട്ടുകളാണ് വിതരണം ചെയ്യുന്നത്. യുഎസ് ഡോളര്‍ നോട്ടുകളുടെ ക്ഷാമം രാജ്യത്തു രൂക്ഷമായിരുന്നു. ഈ ക്ഷാമം പരിഹരിക്കാനാണ് പുതിയ ബോണ്ട് നോട്ടുകള്‍ പുറത്തിറക്കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.