Currency

കുവൈത്തില്‍ പത്ത് ഇന്ത്യക്കാര്‍ വധശിക്ഷ കാത്തു കഴിയുന്നതായി റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍Thursday, December 20, 2018 12:46 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ പത്തു ഇന്ത്യക്കാര്‍ വധശിക്ഷ കാത്തുകഴിയുന്നതായി റിപ്പോര്‍ട്ട്. വിവിധ കേസുകളില്‍ ശിക്ഷ അനുഭവിക്കുന്ന 498 ഇന്ത്യക്കാര്‍ രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്നതായും സെപ്റ്റംബര്‍ അവസാനം വരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു. വിചാരണത്തടവുകാരെയും കസ്റ്റഡിയിലുള്ളവരെയും കൂടാതെയുള്ള കണക്കാക്കാണിത്.

അക്രമം, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, ലഹരി മരുന്ന് കൈവശം വെക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരാണ് അധികവും. സുലൈബിയയിലെ സെന്‍ട്രല്‍ ജയിലില്‍ 385 പേരും, പബ്ലിക് ജയിലില്‍ 101 പേരും വനിതാ ജയിലില്‍ 12 പേരുമാണ് ഇന്ത്യക്കാരായുള്ളത്. ഒരു മലയാളി വനിതയും ഇതില്‍ ഉള്‍പ്പെടും. ജീവപര്യന്തം, 10 വര്‍ഷം, അഞ്ചു വര്‍ഷം എന്നീങ്ങനെ ശിക്ഷയുള്ളവരാണ് അധികവും.

എല്ലാ വര്‍ഷവും ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അമീരി കാരുണ്യത്തില്‍ ഉള്‍പ്പെടുത്തി ശിക്ഷയിളവ് നല്‍കാറുണ്ട്. ഇത്തവണ അമീരി കാരുണ്യം പ്രഖ്യാപിക്കുന്നതോടെ ജയിലിലുള്ള ഇന്ത്യക്കാരുടെ എണ്ണം കുറയുമെന്നാണ് പ്രതീക്ഷ. പൊതുവില്‍ കുവൈത്തില്‍ ജയിലില്‍ സ്ഥലപരിമിതി കൊണ്ട് വീര്‍പ്പുമുട്ടുന്ന സ്ഥിതിയുണ്ട്. വിദേശതടവുകാരുടെ ശിക്ഷ ബാക്കി നാട്ടിലെ ജയിലുകളില്‍ ലഭ്യമാക്കുന്നതും അധികൃതരുടെ പരിഗണയിലുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x