
വാഷിങ്ടണ്‍: പുതുതായി തെരഞ്ഞെടുക്കപ്പെട്ട യുഎസ് കോണ്‍ഗ്രസിന് ബഹളത്തോടെ തുടക്കം. എത്തിക്‌സ് സമിതി ദുര്‍ബലപ്പെടുത്തണം എന്നാവശ്യപ്പെടുന്ന പ്രമേയത്തിലുള്ള വോട്ടെടുപ്പാണ് ബഹളത്തിലെത്തിയത്. പ്രമേയത്തിനെതിരെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിലപാടെടുത്തതോടെ പ്രമേയം പിന്‍വലിച്ചു. ട്രംപ് കാബിനറ്റിലെ അംഗങ്ങളെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് നിയുക്ത വൈസ് പ്രസിഡന്റ് മൈക് പെന്‍സ് അറിയിച്ചു.
കോണ്‍ഗ്രസ് അംഗങ്ങള്‍ക്കെതിരായ ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിനായി 2008ല്‍ രൂപീകരിച്ചതാണ് എത്തിക്‌സ് സമിതി. ഇത് ദുര്‍ബലപ്പെടുത്തണം എന്നാവശ്യപ്പെട്ട് റിപ്പബ്ലിക്കന്‍ അംഗം ബോബ് ഗുഡ് ലാട്ടാണ് പ്രമേയം മുന്നോട്ട് വെച്ചത്. എത്തിക്‌സ് സമിതി ദുര്‍ബലപ്പെടുത്തുന്നതിനെ ചില റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളും ഡെമോക്രാറ്റിക് പാര്‍ട്ടിയും ശക്തമായി എതിര്‍ത്തു. ഇത് ബഹളത്തിനിടയാക്കി. എന്നാല്‍ കോണ്‍ഗ്രസിന്റെ ആദ്യ ചര്‍ച്ച ഈ വിഷയത്തില്‍ കേന്ദ്രീകരിച്ചത് ശരിയായില്ലെന്ന് നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.
ഇതോടെ വിഷയത്തില്‍ അടിയന്തര യോഗം ചേര്‍ന്ന റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ പ്രമേയം പിന്‍വലിക്കാന്‍ ബോബ് ഗുഡ് ലാട്ടിനോട് ആവശ്യപ്പെട്ടു. അമേരിക്കന്‍ കോണ്‍ഗ്രസില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് മുന്‍തൂക്കം. ഇരുപാര്‍ട്ടിയുടെ അംഗങ്ങളുടെ സത്യപ്രതിജ്ഞയും നടന്നു. പോള്‍ റയാനെ വീണ്ടും സ്പീക്കര്‍ ഓഫ് ദ ഹൗസ് ആയി തെരഞ്ഞെടുത്തു. 115ാം അമേരിക്കന്‍ കോണ്‍ഗ്രസ് ആണ് അധികാരമേറ്റത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.