Currency

വന്ദേഭാരത് എട്ടാം ഘട്ടം: കുവൈത്തില്‍ നിന്ന് കേരളത്തിലേക്ക് 18 വിമാനങ്ങള്‍, ഇന്ത്യയിലേക്ക് നേരിട്ടുള്ള സര്‍വീസുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം

സ്വന്തം ലേഖകന്‍Wednesday, November 4, 2020 11:11 am

കുവൈത്ത് സിറ്റി: വന്ദേഭാരത് മിഷന്‍ എട്ടാം ഘട്ടത്തില്‍ കുവൈത്തില്‍ നിന്ന് 112 വിമാനങ്ങള്‍. ഇന്‍ഡിഗോ എയര്‍ലൈന്‍സ് കേരളത്തിലേക്ക് 18 സര്‍വീസുകള്‍ നടത്തും. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ വിമാനങ്ങളാണ് കുവൈത്തില്‍ നിന്നുള്ള വിബിഎം സര്‍വീസ് നടത്തുന്നത്. കേരളത്തിലേക്ക് 18 സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. നവംബര്‍ 3നും 26നും ഇടയില്‍ കൊച്ചിയിലേക്ക് അഞ്ചും കോഴിക്കോടേക്ക് ഏഴും കണ്ണൂരിലേക്കു നാലും തിരുവനന്തപുരത്തേക്ക് രണ്ടും വിമാനങ്ങളുമാണ് യാത്ര നടത്തുക. ഇതിനു പുറമെ കുവൈത്ത് എയര്‍വേസ്, ജസീറ എയര്‍വെയ്സ് എന്നിവയുടെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളും വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.

വന്ദേഭാരത് മിഷന്‍ വിമാനങ്ങളിലും ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലുമായി ഇതുവരെ 1,06,000 പേര്‍ ഇന്ത്യയിലേക്ക് മടങ്ങിയതായി എംബസ്സി അറിയിച്ചു. എംബസ്സിയുടെ രജിസ്‌ട്രേഷന്‍ ഡ്രൈവില്‍ 146000 പേരാണ് ഇതുവരെ രജിസ്റ്റ്ര്‍ ചെയ്തത്. നാട്ടിലേക്ക് പോകാന്‍ താല്‍പര്യമുള്ള പൗരന്മാര്‍ എത്രയും വേഗം അവസരം ഉപയോഗപ്പെടുത്തണമെന്ന് എംബസി നിര്‍ദേശിച്ചു. നാട്ടില്‍ പോകാന്‍ ഒരുങ്ങുന്ന പ്രവാസികളുടെ യഥാര്‍ഥ കണക്ക് ലഭ്യമാക്കാന്‍ എംബസി കഴിഞ്ഞ ദിവസം പുതിയ രജിസ്‌ട്രേഷന്‍ ഡ്രൈവ് ആരംഭിച്ചിരുന്നു.

അതിനിടെ ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഇന്ത്യ ഉള്‍പ്പെടെ 34 രാജ്യങ്ങളുടെ വിലക്ക് നീക്കുന്ന കാര്യം തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും ചര്‍ച്ചയായില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x