Currency

ഹജ്ജ് തീര്‍ഥാടകരുടെ കുഞ്ഞുങ്ങളുടെ പരിപാലനത്തിനായി താത്കാലിക ഡേകെയര്‍ ഒരുക്കി സൗദി

സ്വന്തം ലേഖകന്‍Wednesday, August 8, 2018 11:48 am

 

റിയാദ്: ഹജ്ജിനെത്തുന്ന തീര്‍ത്ഥാടകരുടെ കുട്ടികളെ പരിപാലിക്കാനായി താല്‍ക്കാലിക ശിശു പരിപാലന, നഴ്സറി കേന്ദ്രങ്ങള്‍ ഒരുക്കി സൗദി വിദ്യാഭ്യാസ മന്ത്രാലയം. കുട്ടികളുമായെത്തുന്നവര്‍ക്കു തങ്ങളുടെ കര്‍മങ്ങള്‍ പ്രയാസമില്ലാതെ നിര്‍വഹിക്കാന്‍ സഹായിക്കുന്നതിനായാണ് ഇത്തരം കേന്ദ്രങ്ങള്‍.

വിദ്യാഭ്യാസ മന്ത്രാലയം മക്ക ഓഫീസ് പ്രാദേശിക ഹജ്ജ് കമ്പനി കോര്‍ഡിനേഷന്‍ കൗണ്‍സിലുമായി സഹകരിച്ചാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. 18 താല്‍ക്കാലിക ശിശു പരിപാലന, നഴ്സറി കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. ഇവയില്‍ മൊത്തം 585 കുട്ടികളെ പ്രവേശിപ്പിക്കാന്‍ സാധിക്കും. 2,500 സൗദി റിയാലാണ് ഓരോ കുട്ടികള്‍ക്കും ചാര്‍ജായി ഈടാക്കുക.

യോഗ്യതയുള്ള മികച്ച പരിശീലനം ലഭിച്ച അധ്യാപികമാരായിരിക്കും കുട്ടികളെ പരിപാലിക്കുക. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് അവരുടെ ഭാഷയില്‍ സംസാരിക്കാന്‍ സാധിക്കുന്ന അധ്യാപികമാരും ഉണ്ടാവും. പ്രത്യേക ശ്രദ്ധ ആവശ്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യവും ഒരുക്കും.

പുതിയ കേന്ദ്രങ്ങളെ കുറിച്ചറിയാന്‍ അറബിക്ക് പുറമെ ഇംഗ്ലീഷ്, ഫ്രഞ്ച്, തുര്‍ക്കിഷ്, മലായ്, ഹിന്ദി എന്നീ ഭാഷകളില്‍ ലഘുലേഖകള്‍ ഇതിനോടകം അടിച്ചിറക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x