Currency

സംസ്ഥാനത്ത് 2000 ഇടങ്ങളില്‍ മൂന്നു മാസത്തിനുള്ളില്‍ സൗജന്യ വൈഫൈ

സ്വന്തം ലേഖകന്‍Thursday, March 23, 2017 4:03 pm

ബസ് സ്റ്റേഷന്‍, പാര്‍ക്ക്, റെയില്‍വേ സ്റ്റേഷന്‍, സിവില്‍ സ്റ്റേഷന്‍, കോളജുകള്‍, സര്‍വകലാശാലകള്‍, ഒന്നാം ഗ്രേഡ് ലൈബ്രറികള്‍ എന്നിവിടങ്ങളില്‍ വൈഫൈ ട്രാന്‍സ്മിറ്റര്‍ സ്ഥാപിക്കാനാണു നിലവിലെ തീരുമാനം. 50 കോടി രൂപയാണ് ഐടി മിഷന്‍ പദ്ധതി നടപ്പാക്കുന്നതിനായി ചെലവാക്കുന്നത്. ഒരു എംബിപിഎസ് മുതല്‍ 10 എംബിപിഎസ് വരെ വേഗത്തിലാണ് വൈഫൈ സിഗ്‌നലുകള്‍ ലഭിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു മാസത്തിനുള്ളില്‍ 2000 സൗജന്യ വൈഫൈ ഹോട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കും. തിരക്കേറിയ ബസ് സ്റ്റാന്‍ഡുകളിലും പാര്‍ക്കുകളിലുമാണ് സൗജന്യ വൈഫൈ സ്ഥാപിക്കുന്നത്. ജൂലൈയിലെ ബജറ്റില്‍ പ്രഖ്യാപിച്ച 1000 വൈഫൈ ഹോട്‌സ്‌പോട്ടുകളും ഇത്തവണത്തെ ബജറ്റില്‍ നീക്കിവെച്ച 1000 വൈഫൈയും ചേര്‍ത്താണ് 2000 വൈഫൈ ഹോട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കുന്നത്.

ഏറ്റവും കൂടുതല്‍ ഉപകാരപ്പെടുന്ന സ്ഥലങ്ങളുടെ പട്ടിക ഈ മാസംതന്നെ അറിയിക്കാന്‍ കലക്ടര്‍മാരോട് ഐടി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. പട്ടിക ലഭിച്ചാല്‍ ഉടന്‍ തന്നെ മൊബൈല്‍ സേവനദാതാക്കളില്‍നിന്നു ടെന്‍ഡര്‍ ക്ഷണിച്ച് പദ്ധതി പൂര്‍ത്തീകരണത്തിനായുള്ള നടപടികള്‍ ആരംഭിക്കും. ബസ് സ്റ്റേഷന്‍, പാര്‍ക്ക്, റെയില്‍വേ സ്റ്റേഷന്‍, സിവില്‍ സ്റ്റേഷന്‍, കോളജുകള്‍, സര്‍വകലാശാലകള്‍, ഒന്നാം ഗ്രേഡ് ലൈബ്രറികള്‍ എന്നിവിടങ്ങളില്‍ വൈഫൈ ട്രാന്‍സ്മിറ്റര്‍ സ്ഥാപിക്കാനാണു നിലവിലെ തീരുമാനം.

50 കോടി രൂപയാണ് ഐടി മിഷന്‍ പദ്ധതി നടപ്പാക്കുന്നതിനായി ചെലവാക്കുന്നത്. ഒരു എംബിപിഎസ് മുതല്‍ 10 എംബിപിഎസ് വരെ വേഗത്തിലാണ് വൈഫൈ സിഗ്‌നലുകള്‍ ലഭിക്കുന്നത്. എന്നാല്‍ ആശാസ്യകരമല്ലാത്ത ഉള്ളടക്കങ്ങള്‍ സ്വീകരിക്കാനോ ഉപയോഗിക്കാനോ കഴിയില്ല. ഒരു ഉപകരണത്തില്‍ ഒരു ദിവസം 200 എംബി ഡേറ്റയാണ് ലഭിക്കുന്നത്. അതിന് ശേഷമുള്ള ഉപയോഗത്തിനു പണം നല്‍കണം. 100 മീറ്റര്‍ പരിധിക്കുള്ളില്‍ സിഗ്‌നലുകള്‍ നല്‍കാന്‍ സാധിക്കുന്ന ഉപകരണങ്ങളാണു സ്ഥാപിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x