
അബൂദബി: സ്കൂള്‍ ബസുകളിലെ ‘സ്റ്റോപ് സിഗ്നല്‍’ അവഗണിച്ചതിന് അബൂദബിയില്‍ 3646 ഡ്രൈവര്‍മാര്‍ക്ക് പിഴ. 2018-19 സ്കൂള്‍ അക്കാദമിക വര്‍ഷത്തിലാണ് ഇത്രയും പേര്‍ക്ക് പിഴ വിധിച്ചത്. വിദ്യാര്‍ഥികളെ ഇറക്കുമ്പോള്‍ സ്കൂള്‍ ബസുകളില്‍ തെളിയുന്ന ‘സ്റ്റോപ് സിഗ്നല്‍’ പരിഗണിച്ച് നിശ്ചിത അകലത്തില്‍ നിര്‍ത്താതിരിക്കുകയോ ബസിനെ മറികടന്നുപോവുകയോ ചെയ്തതിനാണ് പിഴ.
സ്റ്റോപ് സിഗ്നല്‍ തെളിയിക്കാത്തതിന് 120ലധികം സ്കൂള്‍ ബസ്ഡ്രൈവര്‍മാര്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്. സ്റ്റോപ് സിഗ്നല്‍ തെളിയിച്ച സ്കൂള്‍ ബസില്‍ നിന്ന് അഞ്ച് മീറ്ററില്‍ കുറയാത്ത അകലത്തില്‍ പിറകെ വരുന്ന വാഹനങ്ങള്‍ നിര്‍ത്തണമെന്നാണ് നിയമം. നിയമം ലംഘിക്കുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴയും പത്ത് ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. സിഗ്നല്‍ തെളിയിക്കാത്ത സ്കൂള്‍ ബസ്ഡ്രൈ ഡ്രൈവര്‍മാര്‍ക്ക് 500 ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയിന്റും ലഭിക്കും.
നിയമം സംബന്ധിച്ച ബോധവത്കരണ കാമ്പയിന് സംഘടിപ്പിച്ചിരുന്നതായി അബൂദബി പൊലീസ് വ്യക്തമാക്കി. പൊലീസിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ വിവിധ ഭാഷകളിലുള്ള പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിരുന്നതായും അധികൃതര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.