Currency

ജി.സി.സി പിറന്നിട്ട് 38 വര്‍ഷം: ആത്മസംതൃപ്തിയുടെ നിറവില്‍ കുവൈത്ത്

സ്വന്തം ലേഖകന്‍Saturday, May 25, 2019 2:52 pm

കുവൈത്ത് സിറ്റി: ഗള്‍ഫിലെ ആറു രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സിലിന് (ജി.സി.സി) 38 വയസ്സ് പൂര്‍ത്തിയാവുമ്പോള്‍ കുവൈത്തിനും ആത്മസംതൃപ്തി. 1981 മേയ് 25നാണ് ജി.സി.സി രൂപം കൊണ്ടത്. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാഷ്ടങ്ങളുടെ സംഘബോധം പിന്നീടുള്ള മൂന്നര ദശാബ്ദങ്ങളില്‍ മേഖലക്ക് കരുത്തായി മാറുന്ന കാഴ്ചയാണ് കണ്ടത്. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍, അവിടങ്ങളിലെ പൗരന്മാര്‍ക്കിടയില്‍ സഹോദരതുല്യമായ ബന്ധം വളര്‍ത്തിയെടുക്കാന്‍ ഈ കൂട്ടായ്മക്ക് കഴിഞ്ഞു.

കുവൈത്ത് അമീര്‍ ശൈഖ് ജാബിര്‍ അല്‍ അഹ്മദ് അസ്സബാഹ്, യു.എ.ഇ പ്രസിഡന്റ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്‌യാന്‍ എന്നിവരാണ് ജി.സി.സി രൂപവത്കരണത്തിന് മുന്‍കൈയെടുത്തത്. ഗള്‍ഫ്‌മേഖലയിലെ പ്രമുഖ രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ അബൂദബിയില്‍ ഒരുമിച്ചുകൂടുമ്പോള്‍ അത് ഇത്ര വളര്‍ച്ച നേടിയ ഒരു സംഘത്തിന്റെ പിറവിയായിരിക്കുമെന്ന് ആരും കരുതിയിരിക്കില്ല.

ഇടക്കുണ്ടായ ഒറ്റപ്പെട്ട പിണക്കങ്ങള്‍ മാറ്റിവെച്ചാല്‍ ഗള്‍ഫ് രാജ്യങ്ങളുടെ പരസ്പര സഹകരണം സമാനതകളില്ലാത്തതാണ്. ജി.സി.സി രാജ്യങ്ങളുടെ സംയുക്ത സൈന്യമായ ‘ദറഅ് അല്‍ ജസീറ’ (പെനിന്‍സുല ഷീല്‍ഡ് ഫോഴ്‌സ്) 1984ല്‍ 10,000 സൈനികരുമായി രൂപവത്കരിച്ചതാണ്. സംയുക്ത സൈന്യത്തില്‍ നിലവില്‍ 40,000ത്തോളം സൈനികരുണ്ട്.

സൗദി അറേബ്യയിലെ ഹഫര്‍ അല്‍ ബാതിനിലെ കിങ് ഖാലിദ് മിലിട്ടറി സിറ്റിയിലാണ് സംയുക്ത സൈന്യത്തിന്റെ കേന്ദ്രം. ജി.സി.സി സുപ്രീം കൗണ്‍സില്‍ ഉച്ചകോടിക്ക് കുവൈത്ത് ഏഴു തവണ ആതിഥ്യമരുളി. ആദ്യമായി കുവൈത്ത് വേദിയാവുന്നത് 1984ല്‍ നടന്ന അഞ്ചാമത് ജി.സി.സി ഉച്ചകോടിക്കാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x