കുവൈത്ത് സിറ്റി: വിദേശ രാജ്യങ്ങളില്‍ നിന്ന് കുവൈത്തില്‍ എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ഒരുക്കാന്‍ 43 ഹോട്ടലുകള്‍ സജ്ജമെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ മന്ത്രാലയം നിശ്ചയിച്ച നിരക്കില്‍ ആകും ഈ ഹോട്ടലുകള്‍ ഒരാഴ്ചത്തെ ക്വാറന്റൈന്‍ ഒരുക്കുക.
ഫെബ്രുവരി 21ന് ശേഷം രാജ്യത്തെത്തുന്ന മുഴുവന്‍ പേര്‍ക്കും 7 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിരുന്നു. ഹോട്ടലുടമകളുടെ അസോസിയേഷനുമായി ആരോഗ്യ മന്ത്രാലയം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മൂന്ന് മുതല്‍ അഞ്ച് വരെ നിലവാരത്തിലുള്ള 43 നക്ഷത്ര ഹോട്ടലുകള്‍ ക്വാറന്റൈന്‍ സൗകര്യം ഒരുക്കാന്‍ സന്നദ്ധമായത്. ആരോഗ്യ മന്ത്രാലയം നിശ്ചയിച്ച നിരക്കായിരിക്കും ഈ ഹോട്ടലുകള്‍ ഈടാക്കുക. കുവൈത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍, ഏഴ് ദിവസത്തെ ഹോം ക്വാറന്റൈന്‍ ചെലവ് യാത്രക്കാര്‍ തന്നെ വഹിക്കണം.
യാത്രക്കാര്‍ക്ക് ഹോട്ടല്‍ ബുക്കിംഗ് ഉണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതും വിമാനത്താവളത്തിലെ പിസിആര്‍ പരിശോധനയുടെ ചെലവ് ഈടാക്കലും വിമാന കമ്പനികളുടെ ഉത്തരവാദിത്തമാണെന്നു വ്യോമയാന വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്കിന്റെ കാലാവധി ഞായറാഴ്ച അവസാനിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.