
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂജേഴ്സിയില്‍ വെടിയേറ്റ് ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. തെലങ്കാന സ്വദേശിയും ന്യൂജേഴ്സിയിലെ താമസക്കാരനുമായ സുനില്‍ ഹെഡ്ലയാണ്(61) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പതിനാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 15 വ്യാഴാഴ്ച അമേരിക്കന്‍ സമയം രാത്രി എട്ട് മണിയോടെയാണ് കൊലപാതകം നടന്നത്.
വ്യാഴാഴ്ച രാത്രി ജോലിക്ക് പോകാനായി വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോഴാണ് അക്രമി വെടിയുതിര്‍ത്തത്. സുനിലിനു നേരെ ആക്രമി തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. ശരീരം മുഴുവന്‍ വെടിയേറ്റ അദ്ദേഹം തല്‍ക്ഷണം മരിച്ചു. വെടിയേറ്റ് വീണയുടന്‍ സുനിലിന്റെ കാറുമായി അക്രമി കടന്നുകളയുകയായിരുന്നു.
കാര്‍ മോഷണമാണ് ആക്രമണത്തിന് പിന്നിലെന്നും പ്രതിയെ പിടികൂടിയതായും പൊലീസിനെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 1987 മുതല്‍ കഴിഞ്ഞ മുപ്പതുവര്‍ഷമായി അമേരിക്കയില്‍ താമസിക്കുന്ന സുനില്‍ ഹെഡ്ല ഹോട്ടല്‍രംഗത്ത് ജോലി ചെയ്തുവരികയായിരുന്നു. ഈ മാസം അവസാനം അമ്മയുടെ 95ാം ജന്മദിനാഘോഷത്തിനായി നാട്ടിലേക്ക് വരാനിരിക്കെയായിരുന്നു ദാരുണ സംഭവം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.