
കുവൈത്ത് സിറ്റി: 80 ശതമാനം കുവൈത്തികളും സ്വകാര്യ മേഖലയിലെ ജോലി നിരസിച്ചതായി റിപ്പോര്‍ട്ട്. ഏറ്റവും പുതിയ സര്‍ക്കാര്‍ സ്ഥിതിവിവരക്കണക്കുകള്‍ അടിസ്ഥാനമാക്കി അല്‍ ജരീദ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 2017ല്‍ ഇത് 59 ശതമാനമായിരുന്നു. സ്വകാര്യമേഖലയിലെ ജോലിയോട് സ്വദേശികള്‍ക്ക് താല്‍പര്യം പിന്നെയും കുറയുന്നതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. മാന്‍പവര്‍ അതോറിറ്റി വാഗ്ദാനം നല്‍കിയ സ്വകാര്യമേഖലയിലെ ജോലിയോട് ഭൂരിഭാഗവും വിമുഖത കാണിക്കുകയായിരുന്നു. ജോലിക്ക് അപേക്ഷിച്ച് കാത്തിരിക്കുന്നവര്‍ക്കായി 2017ല്‍ 6861 സ്വകാര്യമേഖല തസ്തികയിലേക്ക് മാന്‍പവര്‍ അതോറിറ്റി അവസരമൊരുക്കിയപ്പോള്‍ 4067 പേരും തയാറായില്ല.
കഴിഞ്ഞ വര്‍ഷം 5778 തസ്തികയില്‍ അവസരമുണ്ടാക്കിയപ്പോള്‍ 1160 പേര്‍ മാത്രമാണ് ജോലിക്ക് കയറിയത്. സ്വദേശി യുവാക്കളെ സ്വകാര്യമേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനായി സര്‍ക്കാര്‍ പ്രത്യേക അലവന്‍സ് നല്‍കുന്നുണ്ട്. സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന 30,000 സ്വദേശികള്‍ക്ക് നല്‍കി വരുന്ന സബ്‌സിഡി തുക കഴിഞ്ഞവര്‍ഷം വര്‍ധിപ്പിച്ചു. സെക്കന്‍ഡറി, ഇന്റര്‍മീഡിയറ്റ് യോഗ്യതയുള്ളവരുടെ ആനുകൂല്യം പ്രതിമാസം 147 ദീനാറില്‍നിന്ന് 161 ദീനാര്‍ ആയും ലോവര്‍ സര്‍ട്ടിഫിക്കറ്റുള്ളവരുടേത് 136 ദീനാറില്‍നിന്ന് 161 ആയുമാണ് വര്‍ധിപ്പിച്ചത്.
തൊഴില്‍ സ്ഥാപനത്തിലെ ശമ്പളത്തിനുപുറമെ സര്‍ക്കാര്‍ നല്‍കിവരുന്ന അലവന്‍സാണ് വര്‍ധിപ്പിച്ചത്. എന്നിട്ടും താല്‍പര്യം കുറയുന്നതായാണ് റിപ്പോര്‍ട്ട്. സ്വദേശി യുവാക്കളെ സ്വകാര്യമേഖലയിലേക്ക് ആകര്‍ഷിക്കുന്നതിന് സ്വകാര്യ തൊഴില്‍നിയമം ഭേദഗതി ചെയ്യുന്നത് സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.