Currency

കഴിഞ്ഞവര്‍ഷം രാജ്യത്ത് 198 ആരോഗ്യപരിചരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി

സ്വന്തം ലേഖകന്‍Tuesday, January 3, 2017 2:13 pm

ദോഹ: കഴിഞ്ഞ വര്‍ഷം രാജ്യത്ത് 198 ആരോഗ്യ പരിചരണസ്ഥാപനങ്ങള്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയം അനുമതി നല്‍കി. 314 സ്ഥാപനങ്ങള്‍ക്ക് പ്രാഥമിക അനുമതിയും നല്‍കിയിട്ടുണ്ട്. മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആരോഗ്യ പഞ്ചവത്സര പദ്ധതി(2017-22) നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഉടന്‍ പദ്ധതി നടപ്പാക്കുമെന്നും മന്ത്രാലയം റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു. പതിനഞ്ച് ആരോഗ്യ പരിചരണ സ്ഥാപനങ്ങള്‍ മാറ്റി സ്ഥാപിക്കാനുള്ള അനുമതിയും നല്‍കി. 463 സ്ഥാപനങ്ങളാണ് കഴിഞ്ഞ വര്‍ഷം ലൈസന്‍സ് പുതുക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്ത് 4588 മരുന്നുകളുള്ളതില്‍ 4014 മരുന്നുകളുടെ വില കഴിഞ്ഞ വര്‍ഷം മന്ത്രാലയം കുറച്ചിരുന്നു. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ മരുന്നുവില ഏകീകരിക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഖത്തറിലും മരുന്നുവില കുറച്ചത്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ഫാര്‍മസികളിലും 708 പരിശോധനകളാണ് കഴിഞ്ഞ വര്‍ഷം നടത്തിയത്. അറുപതോളം പരിശോധനകള്‍ പുതിയ ഫാര്‍മസികളില്‍ ലൈസന്‍സ് അനുവദിക്കുന്നതിന് മുമ്പും നടത്തി. രോഗികളുടെ വക്കാലത്ത് പദ്ധതിയുടെ കരട് ചട്ടക്കൂട് മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. ആരോഗ്യ സംരക്ഷണ പ്രവര്‍ത്തകര്‍ക്കുള്ള നിയമങ്ങളുടേയും നൈതികതയുടേയും അന്തിമ കരട് ചട്ടക്കൂട് തയ്യാറാക്കി കഴിഞ്ഞു.

സര്‍ക്കാര്‍ അംഗീകരിച്ച എല്ലാ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തകര്‍ക്കും ഈ പുതിയ ഉത്തരവുകള്‍ ബാധകമാണ്. രോഗികളുടെ സുരക്ഷയും സംതൃപ്തിയും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.ആരോഗ്യമേഖലയില്‍ മികച്ച പരിശീലനത്തിനായി മെഡിക്കല്‍ വിദ്യാഭ്യാസവും പ്രൊഫഷണല്‍ വികസനവും ലക്ഷ്യമിട്ട് ഖത്തര്‍ കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത്‌കെയര്‍ പ്രാക്ടീഷണേഴ്‌സ് നടപ്പാക്കിയ ദേശീയ പദ്ധതിയാണ് കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്. പ്രൊഫഷണല്‍ വികസനത്തിനായി ഓണ്‍ലൈനില്‍ 23,358 ആരോഗ്യ സംരക്ഷണ പ്രവര്‍ത്തകരാണ് രജിസ്റ്റര്‍ ചെയ്തത്. സിദ്ര മെഡിക്കല്‍ ഗവേഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനവും വലിയ നേട്ടമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x