Currency

മൂന്നു തസ്തികകളിലെ വിസ നിരോധനം ആറുമാസത്തേക്ക് കൂടി നീട്ടി

സ്വന്തം ലേഖകന്‍Wednesday, January 4, 2017 11:38 am

മസ്‌കത്ത്: ഒമാന്‍ വിസ നിയന്ത്രണം ആറു മാസത്തേക്കു കൂടി നീട്ടി. കാര്‍പന്ററി വര്‍ക്‌ഷോപ്പ്, അലൂമിനിയം വര്‍ക്‌ഷോപ്പ്, മെറ്റല്‍ വര്‍ക്‌ഷോപ്പ്, ബ്രിക്ക് ഫാക്ടറി തുടങ്ങിയ മേഖലകളിലേക്കുള്ള താല്‍ക്കാലിക വിസ നിയന്ത്രണമാണ് ദീര്‍ഘിപ്പിച്ചത്. ജനുവരി ഒന്നുമുതല്‍ നിരോധം നിലവില്‍ വന്നതായി ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. പുതിയ വിസ അനുവദിക്കുന്നതില്‍ മാത്രമാണ് നിയന്ത്രണമെന്നും നിലവിലുള്ള ജോലിക്കാര്‍ക്കു വിസ പുതുക്കാമെന്നും മാനവവിഭവ മന്ത്രാലയം വ്യക്തമാക്കി.

മൊത്തം ഒമ്പത് തസ്തികകളിലാണ് താല്‍ക്കാലിക വിസാനിരോധനം നിലവിലുള്ളത്. ഇതില്‍ സെയില്‍സ്, മാര്‍ക്കറ്റിങ് ജീവനക്കാര്‍, നിര്‍മാണ തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങി അഞ്ചു വിഭാഗങ്ങളുടെ വിസാ നിരോധനം കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നിലവില്‍ വന്നിരുന്നു. സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്, ഒട്ടക വളര്‍ത്തല്‍ തസ്തികകളില്‍ ഡിസംബര്‍ ഒന്നു മുതലും ആശാരി, മെറ്റലര്‍ജിസ്റ്റ്, കൊല്ലന്‍, ഇഷ്ടികനിര്‍മാണ തൊഴിലാളി എന്നിവയില്‍ 2014 ജനുവരി ഒന്നുമുതലുമാണ് നിരോധനം പ്രാബല്യത്തില്‍വന്നത്.

എക്‌സലന്റ്, ഇന്റര്‍നാഷനല്‍ ഗ്രേഡുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കമ്പനികള്‍ക്കും സര്‍ക്കാര്‍ പദ്ധതികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാപനങ്ങള്‍ക്കും വിസ അനുവദിക്കും. ഒട്ടക പരിപാലനം, സെയില്‍സ് പ്രമോട്ടര്‍, സെയില്‍സ് റപ്രസെന്റേറ്റീവ്, പര്‍ച്ചേഴ്‌സ് റപ്രസെന്റേറ്റീവ്, കണ്‍സ്ട്രക്ഷന്‍, ക്ലീനിങ് എന്നീ ജോലികള്‍ക്കുള്ള വിസ നിയന്ത്രണം തുടരാന്‍ കഴിഞ്ഞമാസം മാനവവിഭവ മന്ത്രാലയം തീരുമാനിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x