Currency

മെസെന്ററി: മനുഷ്യശരീരത്തിലെ പുതിയ അവയവം

സ്വന്തം ലഖകന്‍Friday, January 6, 2017 11:05 am

ലണ്ടന്‍: മനുഷ്യശരീരത്തിലെ ദഹനേന്ദ്രിയവ്യവസ്ഥയില്‍ പുതിയ അവയവം കണ്ടെത്തി. ഐറിഷ് ശാസ്ത്രജ്ഞരാണ് ‘മെസെന്ററി’ (Mesentery) എന്നറിയപ്പെടുന്ന പുതിയ അവയവം കണ്ടെത്തിയത്. ദഹനേന്ദ്രിയവ്യൂഹത്തിന്റെ ഭാഗമായാണ് മെസെന്ററിയെ ഇതുവരെ കരുതിയിരുന്നത്. എന്നാല്‍, ഇത് ഒരൊറ്റ അവയവമാണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ശരീരത്തിലെ മൊത്തം അവയവങ്ങളുടെ എണ്ണം 79 ആയി.

ജെ. കാല്‍വിന്‍ കോഫി

ജെ. കാല്‍വിന്‍ കോഫി

ഇതിന്റെ കണ്ടെത്തല്‍ ശാസ്ത്രരംഗത്ത് പുതിയ പഠനശാഖയ്ക്ക് തുടക്കമിടുമെന്ന് അയര്‍ലന്‍ഡിലെ ലിമെറിക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഗവേഷകന്‍ ജെ. കാല്‍വിന്‍ കോഫി പറഞ്ഞു. ഇദ്ദേഹമാണ് ശരീരത്തെ കുടലുമായി ബന്ധിപ്പിക്കുന്ന മെസെന്ററി അവയവമാണെന്ന് ആദ്യം കണ്ടെത്തിയത്. വയര്‍, ചെറുകുടല്‍, ആഗ്‌നേയഗ്രന്ഥി, പ്ലീഹ എന്നിവയെയും ദഹനേന്ദ്രിയവ്യൂഹത്തിലെ മറ്റ് അവയവങ്ങളെയും അടിവയറിന്റെ പിന്‍ഭിത്തിയുമായി ബന്ധിപ്പിക്കുന്ന നേര്‍ത്തസ്തരമായ പെരിറ്റോനീയത്തിലെ ഇരട്ടമടക്കാണ് മെസെന്റെറി. മെസെന്റെറിയുടെ ധര്‍മമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

മെസന്റെറിയെ മറ്റേതൊരവയവത്തെയുംപോലെ സമീപിക്കുന്നതോടെ ഇതിനെ അടിസ്ഥാനമാക്കി ഉദരരോഗത്തെ വര്‍ഗീകരിക്കാനാവുമെന്ന് കോഫി പറഞ്ഞു. ഗ്യാസ്‌ട്രോഎന്റെറോളജിപോലെ വൈദ്യശാസ്ത്രപഠനത്തിലെ മറ്റൊരു ശാഖയാവും മെസന്റെറി സയന്‍സ് എന്നും അദ്ദേഹം പറഞ്ഞു. മെസെന്ററിയെ എന്തുകൊണ്ട് അവയവമായി കണക്കാക്കുന്നു എന്ന വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന പ്രബന്ധം മെഡിക്കന്‍ ജേണലായ ‘ദ ലാന്‍സെറ്റില്‍’ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x