
വാഷിങ്ടണ്‍: യു.എസില്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് താടിയും തലപ്പാവും ഹിജാബും അനുവദിച്ചുകൊണ്ടു പുതിയ നിയമനിര്‍ദേശം യു.എസ് സൈന്യം പുറപ്പെടുവിച്ചു. ന്യൂനപക്ഷ മതവിശ്വാസങ്ങളെയും സംസ്‌കാരങ്ങളെയും ഉള്‍ക്കൊള്ളുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് സൈനിക സെക്രട്ടറി എറിക് ഫാനിങ് പറഞ്ഞു.
നേരത്തേ സെക്രട്ടറിതല തസ്തികകളില്‍ ഒതുങ്ങിയിരുന്ന വിശ്വാസചിഹ്നങ്ങള്‍ ധരിക്കാനുള്ള അനുമതി സൈന്യത്തിലെ ഉയര്‍ന്ന തസ്തികയായ ബ്രിഗേഡ് തലത്തിലേക്കുകൂടി വ്യാപിപ്പിക്കുകയാണ് ചെയ്തത്. തീരുമാനത്തെ സിഖ് അമേരിക്കന്‍ വംശജരും യു.എസ് സാമാജികരും സ്വാഗതം ചെയ്തു. വര്‍ഷങ്ങളായി ഇതിനായി അവര്‍ കാമ്പയിന്‍ നടത്തിവരുകയായിരുന്നു.
പ്രഖ്യാപനം വരുന്നതിനുമുമ്പ് വളരെ പരിമിതമായ തസ്തികകളില്‍ മാത്രമേ സിഖ് വംശജര്‍ക്കടക്കം മതവിശ്വാസപ്രകാരമുള്ള ചിഹ്നങ്ങള്‍ ധരിക്കാന്‍ ആവുമായിരുന്നുള്ളൂ. തീരുമാനം വരുന്നതിന്റെ തലേ ദിവസം സിഖ് ഓഫിസര്‍മാരെ മതചിഹ്നങ്ങള്‍ അണിയാന്‍ അനുവദിക്കുമെന്ന് ന്യൂയോര്‍ക് പൊലീസ് ഡിപ്പാര്‍ട്‌മെന്റ് പുറത്തുവിട്ടിരുന്നു.
മുസ്ലിം സ്ത്രീകള്‍ രാജ്യത്ത് വിവിധ മണ്ഡലങ്ങളില്‍ സജീവ സാന്നിധ്യം അറിയിച്ചുവരുന്ന ഘട്ടത്തിലാണ് അവര്‍ക്കുകൂടി അനുകൂലമാവുന്ന സുപ്രധാന തീരുമാനം. ശിരോവസ്ത്രം ധരിച്ച പ്രഥമ മുസ്ലിം വനിതയെ യു.എസ് കോണ്‍ഗ്രസ് അംഗമായി 2016ല്‍ തെരഞ്ഞെടുത്തിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.