
ബെംഗളൂരു: പ്രവാസി ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ സംവിധാനവും സർക്കാർ ഒരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 14 -മത് പ്രവാസി ഭാരതീയ ദിവസ് ഉത്‌ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി ഇന്ത്യക്കാർക്ക് എംബസികളിൽ നിന്നും 24 മണിക്കൂറും സേവനം ലഭ്യമാണെന്ന് ഉറപ്പുവരുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങളിൽ ഇടപെട്ടു പരിഹാരം കാണുന്നതിന് അവധി ദിവസങ്ങളിലും എംബസികളിൽ സേവനം ലഭ്യമാക്കും. പ്രവാസികൾക്ക് പി ഐ ഒ കാർഡുകൾ മാറ്റി ഒ സി ഐ കാർഡുകൾ നേടുന്നതിന് കൂടുതൽ സൗകര്യം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു. പി ഐ ഒ കാർഡുകൾ മാറ്റി വാങ്ങുന്നതിനുള്ള തീയതി ജൂൺ 30 വരെ നീട്ടി നല്കയിട്ടുണ്ട്.
പോർട്ടുഗീസ് പ്രധാനമന്ത്രി അന്റോണിയ കോസ്റ്റ മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ സുരിനാം വൈസ് പ്രസിഡന്റ് മൈക്കല്‍ അശ്വിന്‍ അധിന്‍, കർണാടക ഗവർണർ വാജുഭായ് രുദാഭായ് വാല, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കേന്ദ്രമന്ത്രിമാരായ അനന്തകുമാർ, വി കെ സിങ്, കർണാടക വ്യവസായവകുപ്പ് മന്ത്രി ആർ വി ദേശപണ്ടേ എന്നിവർ പങ്കെടുത്തു.
നാളെ നടക്കുന്ന സമാപന സമ്മേളനത്തിൽ രാഷ്‌ട്രപതി പ്രണബ് മുഖർജി പങ്കെടുക്കും. സമാപന സമ്മേളനത്തിൽ 30 പ്രവാസി ഇന്ത്യക്കാർക്ക് പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരം രാഷ്‌ട്രപതി സമ്മാനിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.