Currency

കുവൈത്തിലെ പൊതുസ്ഥലങ്ങളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചു തുടങ്ങി

സ്വന്തം ലേഖകന്‍Friday, January 13, 2017 3:13 pm

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന റോഡുകളുടെ വശങ്ങളിലും പൊതുസ്ഥലങ്ങളിലും സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചു തുടങ്ങി. പൊതുസ്ഥലങ്ങളിലെ തെരുവ് വിളക്ക് കാലുകളിലാണ് കാമറകള്‍ സ്ഥാപിക്കുന്നത്. നല്ല വ്യക്തതയുള്ള വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിക്കാന്‍ കഴിയുന്ന അത്യാധുനിക കാമറകളാണ് സ്ഥാപിച്ചത്. മന്ത്രിസഭയും പാര്‍ലമെന്റും അംഗീകാരം നല്‍കിയ കാമറ പദ്ധതി നടപ്പാക്കാനായി സര്‍ക്കാര്‍ വിവിധ ഏജന്‍സികളുമായി കരാറിലത്തെിയിരുന്നു.

ഗതാഗത നിയമലംഘനങ്ങള്‍ നിരീക്ഷിക്കാനാണ് പ്രധാനമായും കാമറകള്‍ സ്ഥാപിച്ചത്. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണില്‍ സംസാരിക്കല്‍, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ കാമറയില്‍ പതിയും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വ്യത്യസ്തതരം കാമറകള്‍ സ്ഥാപിക്കുന്നതിന് നാലു കോടി ദീനാറിന്റെ പദ്ധതിയിലാണ് കുവൈത്ത് കരാറിലത്തെിയത്.

രാജ്യത്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയും മുമ്പത്തേതിനേക്കാള്‍ സുരക്ഷാ ഭീഷണിയുയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്. റോഡുകള്‍ക്ക് പുറമെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഡിപ്പാര്‍ട്ടുമെന്റുകള്‍, ഓഫിസുകള്‍ എന്നിവയുടെ അകവും പുറവും കാമറ നിരീക്ഷണത്തിലാവും. ഇതോടെ ജനങ്ങളുടെ ജീവിതം കൂടുതല്‍ സുരക്ഷിതമാവുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x