
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ പ്രശസ്തമായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഒബാമ കെയര്‍ നിര്‍ത്തലാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. എല്ലാവര്ക്കും കുറഞ്ഞ ചെലവില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കാന്‍ ബറാക് ഒബാമ തുടങ്ങിയ പദ്ധതിയാണ് അഫോര്‍ഡബിള്‍ കെയര്‍ ആക്ട് അഥവാ ഒബാമ കെയര്‍. അമേരിക്കന്‍ ജനതക്കിടയില്‍ ബറാക് ഒബാമക്ക് ഏറെ സ്വീകാര്യത നേടിക്കൊടുത്ത പദ്ധതിയായിരുന്നു ഇത്. സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 51 പേര് ഒബാമ കെയര്‍ നിര്‍ത്തലാക്കുന്നതിനെ അനുകൂലിച്ചു.
തുടക്കം മുതലേ പദ്ധതിയുടെ വിമര്‍ശകരായിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടി. പദ്ധതി സര്‍ക്കാരിന് താങ്ങാനാവാത്തതാണെന്നും കബളിപ്പിക്കലാണെന്നുമുള്ള ആരോപണങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഉയര്‍ത്തിയിരുന്നു. പദ്ധതി കൃത്യമായി നടപ്പിലാക്കപ്പെടുന്നില്ലെന്നും ആരോപിച്ചിരുന്നു. പദ്ധതി നിര്‍ത്തലാക്കുന്നതിന്റെ ആദ്യപടിയായാണ് സെനറ്റില്‍ വോട്ടെടുപ്പ് നടന്നത്. 51 പേര് പദ്ധതി നിര്‍ത്തലാക്കുന്നതിനെ അനുകൂലിച്ചു. 48 പേര് എതിര്‍ത്തു. സെനറ്റില്‍ പാസായ പ്രമേയം ഇനി ഹൌസ് ഓഫ് റെപ്രസെന്റേറ്റീവ്സില്‍ പാസാകേണ്ടതുണ്ട്. ഈയാഴ്ച തന്നെ വോട്ടെടുപ്പ് നടന്നേക്കും.
പദ്ധതി പൂര്‍ണമായും നിര്‍ത്തലാക്കാന്‍ മാസങ്ങളെടുക്കുമെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി തന്നെ പറയുന്നത്. പകരം പദ്ധതി നടപ്പിലാക്കുന്നതിനും കാലതാമസം ഉണ്ടാകും. എന്നാല്‍ എത്രയും പെട്ടെന്ന് ഒബാമ കെയര്‍ നിര്‍ത്തലാക്കി പകരം പദ്ധതി തുടങ്ങണമെന്നാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശം. 20 മില്യണിലധികം ആളുകളാണ് ഒബാമ കെയര്‍ വഴി ഇന്‍ഷുറന്‍സ് പരിരക്ഷ നേടിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.